17
Apr 2026
Fri
17 Apr 2026 Fri

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ മാറ്റാനുള്ള ശ്രമമാണ് വനിതാ സംവരണ ബില്ല് ഭേദഗതിയിലൂടെ കേന്ദ്രം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വനിതകളെ കരുവാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീകളാണ് രാജ്യത്തിന്റെ ദേശീയ ഭാവനയെ മുന്നോട്ട് നയിക്കുന്നതെന്നും എല്ലാവരും അവരവരുടെ ജീവിതത്തില്‍ സ്ത്രീകളാല്‍ സ്വാധീനിക്കപ്പെടുകയും രൂപപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ത്രീ ശാക്തീകരണത്തിനായല്ല പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. 2023ല്‍ പാസാക്കിയതാണ് യഥാര്‍ഥ വനിതാ സംവരണ ബില്‍.

ആദ്യത്തെ നിയമം നടപ്പാക്കുന്നത് വര്‍ഷങ്ങളോളം നീട്ടിവച്ച ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന നടപടി മറ്റൊന്നുമല്ല കൃത്യമായ ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. അതിനാല്‍ ശക്തമായി തന്നെ എതിര്‍ക്കും. ഭേദഗതി നടപ്പാക്കിയാല്‍ ദലിതര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവയ്ക്ക് സമൂഹത്തില്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം, അവസരം എന്നിവ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. രാജ്യത്തിന് നേരെയുണ്ടാകുന്ന ഈ ആക്രമണത്തെ പ്രതിപക്ഷം ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.