Valpara accident വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൊള്ളാച്ചി ആശുപത്രിയില്‍ പൂര്‍ത്തിയാക്കി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടത്.
|
രാവിലെ 9 മണിക്ക് മുമ്പായി മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകുന്നേരം 5.20 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. യാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു.
പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേര്‍ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.
ALSO READ: വാൽപാറ അപകടത്തിൽ മരണം 9 ആയി; വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തു നിന്നെത്തിയ അധ്യാപകരും കുടുംബവും
പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.
പൊതുദര്‍ശനത്തിനുശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബര്‍ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും.ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ സുഹറ, മകന്‍ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.
11 വയസുകാരിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
അപകടത്തില്‍പ്പെട്ട വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നു പേര്‍ ഗുരുതര പരിക്കോടെ കോയമ്പത്തൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍(11), വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരെ കൂടാതെ അപകടത്തില്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്നീന്‍ എന്ന കുട്ടിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ച അദ്ധ്യാപിക ഷക്കീനയുടെ മകള്‍ ആണ് മസ്നീന്‍. മന്ത്രി കെ.കൃഷ്ണന്‍കുട്ടി മസ്നീനെ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഡിഎംഒ യുടെ നിര്‍ദേശ പ്രകാരമാണ് മസ്നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





