തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ആരംഭിച്ച തമ്മിലടിയില്‍ ഇടപെടാതെ ഹൈക്കമാന്‍ഡ്. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അട്ക്കം പക്ഷംപിടിച്ച് രംഗത്തെത്തിയെങ്കിലും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ഹൈക്കമാന്‍ഡ്.
|
പാര്‍ട്ടിയെ നാണംകെടുത്തുന്ന ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് ഇടപെടാത്തില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ രംഗത്തെത്തി.
വിഷയത്തില്‍ ഇടെപെടണമെന്നു കാണിച്ച് ബെന്നി ബെഹനാന്‍ എം.പി. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നേരത്തെ കത്തെഴുതിയിരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഉണ്ടാകണമമെന്ന തരത്തില്‍ എം.കെ.രാഘവന്‍ എം.പിയും നേരത്തെ പ്രതികരിച്ചിരുന്നു. ഇതേ അഭിപ്രായമാണ് പരസ്യമായി അഭിപ്രായ പ്രകടനത്തിന് തയാറാകാത്ത കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗത്തിനും ഉള്ളത്.
മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകള്‍ ഹൈക്കമാന്‍ഡ് നിയന്ത്രിക്കാത്തതില്‍ അതൃപ്തി പരസ്യമായി പറഞ്ഞ കെ.മുരളീധരന്‍, കെ.സുധാകരന്റെ പരസ്യ പ്രതികരണം തള്ളുകയും ചെയ്തു.
ഹൈക്കമാന്‍ഡ് നേതാക്കളോട് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാര്‍ഗെയും കണ്ട ആളും അറിഞ്ഞാല്‍ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവര്‍ നിയന്ത്രിക്കണം. ആലോചിക്കാന്‍ ഇനിയും സമയമുണ്ട്. ടേം വ്യവസ്ഥയൊന്നുമില്ല. തെരഞ്ഞെടുക്കുന്നയാള്‍ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവിനെ സി.പി.എമ്മിന് ആലോചിക്കാമെന്നും, ഞങ്ങളുടെ രണ്ട് ടേം കഴിഞ്ഞുവെന്നും കെ.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ദേശീയ അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന അഭിപ്രായം കെ.സുധാകരന്‍ പരസ്യമായി പറഞ്ഞിരുന്നു. കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് ഖാര്‍ഗെയെ അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. കെ.സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് കേരളത്തിനാവശ്യമെന്നുമാണ് സുധാകരന്‍ പറഞ്ഞത്. ഇതിനുകൂടി മറുപടിയെന്ന നിലയിലായിരുന്നു മുരളീധരന്റെ ഇന്നലത്തെ പ്രസ്താവന.
അതേസമയം, മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായി തുടരുകയാണ്. കെ.സി.വേണുഗോപാലിനെയും വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയെയും പുകഴ്ത്തിക്കൊണ്ടും അവരുടെ മേന്മകള്‍ അക്കമിട്ടു നിരത്തിക്കൊണ്ടുമുള്ള പോസ്റ്റുകളും എതിരാളികളെ നേരിടുന്ന കമന്റുകളുംകൊണ്ട് സോഷ്യല്‍ മീഡിയ നിറയുകയാണ്.
വ്യാജ പ്രൊഫൈലുകളിലൂടെയാണ് കൂടുതല്‍ പ്രചരണം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനിടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം.എന്‍ കാരശേരി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചുകൂടി മര്യാദ കാണിക്കണമെന്നും ജനാധിപത്യത്തോടും ബഹുജനങ്ങളോടും കുറച്ചുകൂടി വിനയം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


