21
Apr 2026
Tue
21 Apr 2026 Tue
kerala local body election result

വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ പോളിങ് ശതമാനം പുറത്തുവിടാതെ തിരഞ്ഞെടുപ്പുകമ്മിഷന്‍. മുന്‍ തിരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വോട്ടുചെയ്തവരുടെ കണക്ക് കമ്മിഷന്‍ നല്‍കിയിട്ടില്ല. 79.63 ശതമാനം എന്ന ഏകദേശ കണക്കാണ് ഒരാഴ്ചമുന്‍പ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വീസ് വോട്ട്, തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ വോട്ട് എന്നിവയുടെ കണക്കില്‍ ഇനിയും വ്യക്തതയില്ല. സംസ്ഥാനത്തെ കണക്കുകള്‍ കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷന്‍ അംഗീകരിച്ച ശേഷമേ പുറത്തുവിടൂ എന്നാണ് നിലവിലെ സ്ഥിതി. കൃത്യമായ വിവരങ്ങള്‍ വോട്ടെണ്ണിയശേഷം പുറത്തുവിടുമെന്നാണ് കമ്മിഷന്‍ പറയുന്നത്.

ദുരൂഹതയെന്ന് പ്രതിപക്ഷം

കണക്കുകള്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം. കമ്മിഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം പതിനായിരത്തിലേറെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടു ചെയ്യാനായിട്ടില്ല. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കമ്മിഷന്റെ സൈറ്റില്‍ തപാല്‍ വോട്ടപേക്ഷകളുടെ വിവരം അറിയാനാവുന്നില്ല

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ നിരവധിപേര്‍ക്ക് തപാല്‍ വോട്ട് ചെയ്യാനായില്ലെന്ന പരാതിക്ക് പിറകെ തിരഞ്ഞെടുപ്പു കമ്മിഷന്‍ തപാല്‍ വോട്ട് കൈകാര്യംചെയ്തിരുന്ന സോഫ്റ്റ്വേര്‍ പ്രവര്‍ത്തന രഹിതമായി.

കഴിഞ്ഞ രണ്ടുദിവസമായി ഈ സോഫ്റ്റ്വേര്‍ ലോഗിന്‍ ചെയ്യാനോ വിവരങ്ങള്‍ കാണാനോ ആകുന്നില്ല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്ജോലിക്ക് നിയോഗിക്കപ്പെട്ടവരില്‍ തപാല്‍വോട്ടിന് അപേക്ഷിച്ചവരുടെ വിവരങ്ങളെല്ലാം ജില്ലാ കേന്ദ്രങ്ങളില്‍നിന്ന് അപ്ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന kerala.electone.in എന്ന സൈറ്റാണ് രണ്ടുദിസവമായി പ്രവര്‍ത്തനരഹിതമായത്.

കേരളത്തിലെ 140 മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാമായാണ് സൈറ്റ് നിലവില്‍വന്നത്. തിരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമൊപ്പം തപാല്‍വോട്ട് വിവരങ്ങളും ഇതിലാണ് സൂക്ഷിച്ചിരുന്നത്.

ഇത്രയും ദിവസമായിട്ടും എന്ത്‌കൊണ്ട് കണക്കു പുറത്തുവിടുന്നില്ല, തപാല്‍ വോട്ട് കണക്കുകള്‍ അറിയാനുള്ള വെബ്‌സൈറ്റ് എങ്ങിനെ പ്രവര്‍ത്തന രഹിതമായി തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണോ ഇതിന് പിന്നിലെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ ഉന്നയിക്കുന്ന സംശയം.