മുതിര്‍ന്ന നേതാക്കളുടെയും ഘടക കക്ഷികളുടെയും ആഹ്വാനങ്ങള്‍ മാനിക്കാതെ മുഖ്യമന്ത്രിപദത്തിന് വേണ്ടി കോണ്‍ഗ്രസിനകത്ത് അണിയറ നീക്കങ്ങള്‍ ശക്തമാകുന്നു. വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നീ നേതാക്കളെ ചുറ്റിപ്പറ്റിയാണ് നീക്കങ്ങള്‍. പരസ്യപ്രതികരണങ്ങള്‍ ഏറക്കുറെ അവസാനിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. ഇതിനിടെ, മുഖ്യമന്ത്രിപദം ലക്ഷ്യമിട്ടുള്ള പ്രതിഛായ മിനുക്കലിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് നേതാക്കള്‍.
|
നേതാക്കളുടെ നേരിട്ടുള്ള ഇടപെടല്‍ പ്രകടമല്ലെങ്കിലും അവരുടെ ചിത്രമടക്കം ഉപയോഗിച്ച് ഭാവിമുഖ്യമന്ത്രിയെന്നു വാഴ്ത്തിയുള്ള കുറിപ്പുകളും റീലുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേതാക്കളുടെ മികവും നേതൃപാടവവും വ്യക്തമാക്കുന്ന റീലുകളുമായി അണികള്‍ തുടക്കമിട്ട പ്രചാരണം ഡോക്യുമെന്ററിയിലും പോഡ്കാസ്റ്റിലും എത്തിനില്‍ക്കുന്നു.
ALSO READ: കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ വലയില്‍ കുടുങ്ങി മരിച്ചു
ചെന്നിത്തലയുടെ ജീവചരിത്രം വരച്ചുകാട്ടുന്ന ‘ജനനായകന്‍’ എഐ വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നു. വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഷൂട്ടിങ് അന്തിമഘട്ടത്തിലാണ്. പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം വായനക്കാരിലെത്തിക്കുന്നെന്ന് പുസ്തകദിനത്തില്‍ കോണ്‍ഗ്രസിന്റെ അറിയിപ്പെത്തി. ‘നേരിനൊപ്പം: പോരാട്ടങ്ങള്‍, നിലപാടുകള്‍’ എന്നാണു പുസ്തകത്തിന്റെ പേര്.
സതീശന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരവും വൈകാതെ പുറത്തിറങ്ങും. അതേസമയം, പുസ്തകവുമായി സതീശനു ബന്ധമില്ലെന്നും തിരഞ്ഞെടുപ്പുമായി അതിനെ കൂട്ടിക്കെട്ടേണ്ടെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളുടെ ചോദ്യങ്ങളോടു വേണുഗോപാലും ചെന്നിത്തലയും പ്രതികരിക്കുന്നുണ്ടെങ്കിലും സതീശന്‍ ഏറക്കുറെ നിശ്ശബ്ദനാണ്. മുഖ്യമന്ത്രി ചര്‍ച്ചകളോടു തനിക്കു താല്‍പര്യമില്ലെന്നും അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നുമാണ് ഏറ്റവുമൊടുവില്‍ വേണുഗോപാല്‍ പറഞ്ഞത്.
കേരളത്തിന്റെ വികസനത്തിനുള്ള ചര്‍ച്ച തുടങ്ങാമെന്ന് ആഹ്വാനം ചെയ്ത് ‘കേരളയാത്ര’ എന്ന പേരില്‍ ചെന്നിത്തലയുടെ പോഡ്കാസ്റ്റ് ഇതിനിടെ പുറത്തുവന്നു. ‘രാഷ്ട്രീയ പ്രസ്താവനകളും വിവാദങ്ങളും മുന്‍നിര്‍ത്തിയുള്ള യാത്രയല്ല; രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുമല്ല. നമ്മുടെ നാടിന്റെ വികസനത്തെക്കുറിച്ച് എന്റെയും കോണ്‍ഗ്രസിന്റെയും സ്വപ്നങ്ങള്‍ നിങ്ങളോടു പങ്കുവയ്ക്കാനാണു കേരളയാത്രയെന്ന പോഡ്കാസ്റ്റ്’ എന്ന വാചകത്തോടെയുള്ള ആമുഖ വിഡിയോ ആണ് പുതുതായി സൃഷ്ടിച്ച സമൂഹമാധ്യമ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ലോണ്‍ ആപ്പുകള്‍ക്കെതിരെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിച്ചുള്ള ആദ്യ എപ്പിസോഡ് ഇന്നലെ പുറത്തിറങ്ങി. അതേസമയം, ചെന്നിത്തലയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഈ പോഡ്കാസ്റ്റിന്റെ വിഡിയോയോ ലിങ്കോ പങ്കുവച്ചിട്ടില്ല.



