കല്പറ്റ: ഉരുള്‍പൊട്ടലിന്റെ ദുരന്തത്തെ അതീജിവിച്ച് അവര്‍ പുതിയ സ്വപ്നങ്ങള്‍ നെയ്ത തുടങ്ങുന്നു. വയനാട് ദുരന്തത്തിനിരയായ 51 കുടുംബങ്ങള്‍ മുസ്‌ലിം ലീഗ് ഒരുക്കിയ സ്‌നേഹവീടുകളില്‍ താമസം തുടങ്ങുകയാണ്. തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ ദുരിതബാധിതരുടെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഉണ്ടാവുക.
|
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളില്‍ 51 വീടുകളിലാണ് ആദ്യഘട്ടം ഗൃഹപ്രവേശനം നടക്കുക. ഇവയുടെ സമര്‍പ്പണം ഫെബ്രുവരി 28-ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു.
മുട്ടില്‍-മേപ്പാടി സംസ്ഥാനപാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് എട്ടു സെന്റില്‍ 1060 ചതുരശ്ര അടിയില്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, രണ്ട് ശൗചാലയങ്ങള്‍, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, കട്ടപാകിയ മുറ്റം, മുന്‍വശത്ത് ഏഴുമീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ശുദ്ധജലത്തിന് കിണര്‍കുഴിച്ച് ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും മുസ്ലിം ലീഗാണ് നല്‍കിയത്. ആവശ്യമെങ്കില്‍ രണ്ടാംനില പണിയാനുള്ള തറബലത്തോടെയാണ് നിര്‍മാണം.
സര്‍ക്കാരിന്റെ ഗുണഭോക്തൃപ്പട്ടികയില്‍ ഉള്‍പ്പെടുകയും എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന വീട് വേണ്ടെന്നുവെച്ച് മുസ്ലിം ലീഗിന് അപേക്ഷനല്‍കുകയും ചെയ്തവരെയാണ് പരിഗണിച്ചത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ത്തന്നെ വീടുകള്‍ വേണമെന്ന ആവശ്യത്തിന് പരിഗണനനല്‍കിയാണ് വെള്ളിത്തോട് സ്ഥലം വാങ്ങിയത്. രണ്ടാംഘട്ടത്തില്‍ നല്‍കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിം ലീഗിന്റെ ഭവനസമുച്ചയത്തില്‍ ഒരുങ്ങും.
സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല
മുസ്ലിം ലീഗിന്റെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി പ്രദേശത്ത് ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സ്വകാര്യപരിപാടികളും നടക്കുന്നതിനാല്‍ 30 വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല. പലരും ഇന്നലെയും ഇന്നുമായി പാല് കാച്ചല്‍ നടത്തി വീടുകളില്‍ താമസം തുടങ്ങിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ അവരുടെ സ്വകാര്യത മാനിക്കണമെന്നും ഇവിടേക്കു വരുന്നത് ഒഴിവാക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പറഞ്ഞു. അനിയന്ത്രിതമായേക്കാവുന്ന ജനത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം.





