26
Apr 2026
Sun
26 Apr 2026 Sun
call 108 for seeking help for snake bite

ചൂട് കഠിനമായതോടെ സംസ്ഥാനത്ത് പാമ്പുകളുടെ വിളയാട്ടം തുടരുന്നു. കേരളത്തില്‍ പാമ്പ് കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയില്‍ നബീസയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്റിവെനം നല്‍കിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയന്‍ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്.

അതേസമയം, എറണാകുളം ചെറായിയില്‍ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂര്‍ സ്വദേശി ശര്‍മിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശര്‍മിളയെ തുടര്‍ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തും ഒരാള്‍ക്ക് പാമ്പ് കടിയേറ്റു. രാമന്‍കുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലില്‍ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും.

പാമ്പ് കടിച്ചാല്‍ എന്ത് ചെയ്യണം?
80% പാമ്പുകള്‍ക്കും വിഷമില്ല
പാമ്പ് കടിയേറ്റാല്‍ പരിഭ്രമിക്കാതെ ഇരിക്കണം
പേടിച്ചാല്‍ വിഷം വേഗത്തില്‍ പടരും
കടിയേറ്റ ഭാഗം അനക്കരുത്
ആന്റിവെനമുള്ള ആശുപത്രിയില്‍ എത്തിക്കണം
മുറിവ് വൃത്തിയാക്കാന്‍ ശ്രമിക്കരുത്
മുറിവില്‍ ഐസോ മഞ്ഞളോ വയ്ക്കരുത്

ആന്റിവെനം നല്‍കുന്നത് എപ്പോള്‍?
ലക്ഷണം നോക്കിയും പാമ്പിനെ കണ്ടെന്ന് ഉറപ്പിച്ചാലും
പാമ്പുകടിയുടെ മുറിവ് 2 പല്ല് ആഴ്ന്നിറങ്ങിയ പോലെ
രക്തസ്രാവം, കാഴ്ച്ചക്കുറവ്, ഉമിനീര്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ പ്രധാന ലക്ഷണം
രോഗിയുടെ രക്ത പരിശോധന പ്രധാനം
രക്തം കട്ടയാകാന്‍ വൈകുന്നോ എന്നത് പ്രധാനം
പാമ്പ് കടിക്കുള്ള ഏക മരുന്നാണ് ആന്റിവെനം