29
Apr 2026
Wed
29 Apr 2026 Wed
west bengal exit poll result

Exit poll 2026 പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി അധികാരം പിടിച്ചെടുക്കുമെന്നും തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സഖ്യം അധികാരം നിലനിര്‍ത്തുമെന്നും പ്രവചിച്ച് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാശിയേറിയ പോരാട്ടം നടന്ന പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയെ അട്ടിമറിച്ച് എന്‍.ഡി.എ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സര്‍വേ ഏജന്‍സികളെല്ലാം സൂചിപ്പിക്കുന്നത്. പി മാര്‍ക്ക് (P-MARQ), മാട്രിസ് (Matrize) തുടങ്ങിയ പ്രമുഖ ഏജന്‍സികളുടെ കണക്കുകള്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിനുള്ള സാധ്യത നല്‍കുന്നുണ്ട്.

ആകെയുള്ള 294 സീറ്റുകളില്‍ ബി.ജെ.പിക്ക് 150 മുതല്‍ 175 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പി മാര്‍ക്കിന്റെ പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസ് 118 മുതല്‍ 138 വരെ സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാം. 148 സീറ്റുകളാണ് ബംഗാളില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ബി.ജെ.പിക്ക് 146 മുതല്‍ 161 വരെ സീറ്റുകളും ടി.എം.സിക്ക് 125 മുതല്‍ 140 വരെ സീറ്റുകളുമാണ് മാട്രിസ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് 6 മുതല്‍ 10 വരെ സീറ്റുകള്‍ ലഭിച്ചേക്കും.

പോള്‍ ഡയറി ബി.ജെ.പിക്ക് 142 മുതല്‍ 171 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുമ്പോള്‍ ഭരണകക്ഷിയായ ടി.എം.സിക്ക് 99 മുതല്‍ 127 വരെ സീറ്റുകളേ ലഭിക്കൂ എന്നും പറയുന്നുണ്ട്.

തൃണമൂല്‍ തുടരുമെന്ന് പീപ്പിള്‍സ് പള്‍സ്

എന്നാല്‍, പീപ്പിള്‍സ് പള്‍സ് വ്യത്യസ്തമായ സര്‍വേഫലമാണ് പുറത്ത് വിടുന്നത്. 179 മുതല്‍ 189 വരെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കിട്ടുമ്പോള്‍ ബി.ജെ.പി പരമാവധി 110 സീറ്റില്‍ ഒതുങ്ങും.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 90 ശതമാനത്തിനടുത്ത് റെക്കോര്‍ഡ് പോളിങാണ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ തന്നെ

തമിഴ്നാട്ടില്‍ ഡി.എം.കെ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകള്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മുന്നണി അനായാസം മറികടക്കുമെന്നാണ് മൂന്ന് പ്രധാന ഏജന്‍സികളും പ്രവചിക്കുന്നത്.

എകിസിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഡി.എം.കെ സഖ്യം ഭൂരിപക്ഷം ഉറപ്പിക്കുമ്പോള്‍, എടപ്പാടി പളനിസ്വാമിയുടെ അണ്ണാ ഡി.എം.കെ സഖ്യം വലിയ തകര്‍ച്ച നേരിടുമെന്നും കന്നി അങ്കത്തിനായി രാഷ്ട്രീയത്തിലേക്കിറങ്ങിയ നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നിര്‍ണായക സ്വാധീനമാക്കുമെന്നും സര്‍വേകള്‍.

125 മുതല്‍ 145 സീറ്റുകള്‍ വരെ നേടി എം.കെ. സ്റ്റാലിന്റെ ഡി.എം.കെ സഖ്യം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പീപ്പിള്‍സ് പള്‍സും പി-മാര്‍ക്കും പ്രവചിക്കുന്നു. അണ്ണാ ഡി.എം.കെ സഖ്യം 65 മുതല്‍ 85 സീറ്റുകള്‍ വരെയും വിജയുടെ ടി.വി.കെ 16-26 സീറ്റുകളും നേടുമെമെന്നുമാണ് പി-മാര്‍ക്കിന്റെ വിലയിരുത്തല്‍. അതേസമയം, അണ്ണാ ഡി.എം.കെ സഖ്യം 65-80 സീറ്റുകള്‍ വരെയും ടി.വി.കെ 18-24 സീറ്റുകളും നേടുമെന്നും പീപ്പിള്‍സ് പള്‍സും പ്രവചിക്കുന്നു.

മാട്രിസിന്റെ പ്രവചനത്തിലും ഡി.എം.കെ സഖ്യത്തിനാണ് മുന്‍തൂക്കം. 122-132 സീറ്റുകള്‍ ഡി.എം.കെ, 87-100 സീറ്റുകള്‍ അണ്ണാ ഡി.എം.കെ, 10-12 സീറ്റുകള്‍ ടി.വി.കെ, മറ്റുള്ളവര്‍ 6 വരെ സീറ്റുകള്‍ എന്നിങ്ങനെ കൈവരിക്കുമെന്നാണ് മാട്രിസിന്റെ വിലയിരുത്തല്‍.