രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമെന്ന് റിപോര്‍ട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കുമെന്നാണ് റിപോര്‍ട്ട്. ഗാര്‍ഹിക പാചകവാതകം സിലിണ്ടറിന് 40 മുതല്‍ 50 രൂപ വരെയും കൂടിയേക്കും. ആഗോള അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ധന, എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങളാണ് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റിപോര്‍ട്ട് ചെയ്യുന്നത്.
|
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാലുടന്‍ ഇന്ധനവില വര്‍ധിക്കുമെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍. വാണിജ്യ സിലിണ്ടറുകള്‍ വന്‍തോതില്‍ ഇന്ന് വില വര്‍ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധന, പാചകവാതക പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. ക്രൂഡോയില്‍ വിലയില്‍ വന്‍ വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത്. ഇസ്രായേലും യുഎസും ചേര്‍ന്ന് തങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് ഇത്തരമൊരു പ്രതിസന്ധിക്കു കാരണമായത്.



