മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ഒതുക്കി തീര്‍ത്ത ഹരിത വിവാദം വീണ്ടും കത്തുന്നു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഫാത്തിമ തഹ്‌ലിയക്കെതിരേ കടുത്ത വിമര്‍ശനവുമായി എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി എ വഹാബ് രംഗത്ത്.
|
പാണക്കാട് തങ്ങളുടെ തിരുമുറ്റത്ത് വന്ന് ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചും, കോഴിക്കോടും കാരത്തോടും സിറ്റിങ്ങുകള്‍ നടത്തി നേതാക്കളുടെ വീടുകള്‍ തോറും കയറിയിറങ്ങി കാലുപിടിച്ചും പ്രസ്ഥാന സ്ഥാനമാനങ്ങളില്‍ കടന്നുകൂടിയവര്‍ ഇപ്പോഴും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ വേട്ടയാടുകയാണെന്ന് വി എ വഹാബ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. താനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നവാസിനെതിരേ നിയമസഭാ ഇലക്ഷന്‍ സമയത്തും അതിന് ശേഷവും വീണ്ടും പത്തിവിടര്‍ത്തി വിഷം തുപ്പുന്നത് രാഷ്ട്രീയ നന്ദികേടിന്റെ പാരമ്യമാണ്.
പെണ്‍ എന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്നും, ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണ്. മാപ്പ് പറഞ്ഞതിലൂടെയും കേസ് പിന്‍വലിച്ചതിലൂടെയും പൊതുസമൂഹത്തിന് മുന്നില്‍ തങ്ങള്‍ക്കുണ്ടായ അവമതിപ്പ് മറക്കാന്‍ പി.കെ.നവാസെന്ന ഒരു മനുഷ്യന്റെ ജീവിതം ബലികൊടുക്കുന്നത് നികൃഷ്ടമായ കുതന്ത്രമാണ്. ഇത്തരം ‘ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്’ നേതൃത്വം ഇനിയും തടയിട്ടില്ലെങ്കില്‍, ഭാവിയില്‍ ഈ വിഷച്ചെടികള്‍ പ്രസ്ഥാനത്തെത്തന്നെ വിഴുങ്ങും എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പോസ്റ്റില്‍ പറയുന്നു.
ALSO READ: ആദ്യം ഡിഎംകെ, പിന്നെ തൃണമൂല്‍, ഇനി റിയല്‍ ലെഫ്റ്റ്; പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങി അന്‍വര്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
രാഷ്ട്രീയം എന്നത് നിലപാടുകളുടെ പോരാട്ടമാകാം, പക്ഷെ അത് സ്വന്തം സഹപ്രവര്‍ത്തകന്റെ പച്ചമാംസം കൊത്തിവലിക്കുന്ന ക്രൂരതയാകുന്നത് കാണുമ്പോള്‍ മൗനം പാലിക്കാനാവില്ല. താനൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.കെ.നവാസെന്ന മനുഷ്യനെതിരെ ഹരിത വിവാദത്തിന്റെ പേരില്‍ ഇന്നും തുടരുന്ന വേട്ടയാടലുകള്‍ വെറും യാദൃശ്ചികമല്ല; അത്
അസത്യങ്ങളുടെ ചതിക്കുഴികള്‍ തീര്‍ക്കുന്ന തികഞ്ഞ ക്രിമിനലിസമാണ്.
പാണക്കാട് തങ്ങളുടെ തിരുമുറ്റത്ത് വന്ന് ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചും, കോഴിക്കോടും കാരത്തോടും സിറ്റിങ്ങുകള്‍ നടത്തി നേതാക്കളുടെ വീടുകള്‍ തോറും കയറിയിറങ്ങി കാലുപിടിച്ചും പ്രസ്ഥാന സ്ഥാനമാനങ്ങളില്‍ കടന്നുകൂടിയവര്‍,
നിയമസഭാ ഇലക്ഷന്‍ സമയത്തും അതിന് ശേഷവും ആ മനുഷ്യനെതിരെ വീണ്ടും പത്തിവിടര്‍ത്തി വിഷം തുപ്പുന്നത് രാഷ്ട്രീയ നന്ദികേടിന്റെ പാരമ്യമാണ്.
നിയമസഭാ ഇലക്ഷന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ പോലും പി.കെ.നവാസ് മത്സരിക്കുന്ന താനൂരിലെ വോട്ടര്‍ക്ക് ‘ഹരിത വിഷയം ഉള്ളതാണെങ്കിലും, പാര്‍ട്ടിയുടെ ഉള്ളില്‍ തീരുമാനമായതാണല്ലോ’ എന്ന് മുഫീദയെപ്പോലുള്ളവര്‍ മെസ്സേജ് അയക്കുമ്പോള്‍, നവാസ് കുറ്റക്കാരനാണെന്ന തെറ്റായ സന്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കുക വഴി നിങ്ങള്‍ കൊത്തിവലിക്കാന്‍ ശ്രമിച്ചത് ഒരു വ്യക്തിയെ മാത്രമല്ല, ഒരു പ്രസ്ഥാനത്തിന്റെ അഭിമാനത്തെയും വിജയത്തെയും കൂടിയാണ്. തഹ്ലിയയെപ്പോലുള്ളവര്‍ ചാനലുകള്‍ക്ക് മുന്നില്‍ വന്ന് ‘ഞാന്‍ നിലപാട് മാറ്റിയതായി എവിടെയും കാണാനും പറ്റില്ലല്ലോ നിങ്ങള്‍ക്ക്, എന്റെ റൈറ്റിംഗില്‍ നിന്നോ എന്റെ മൗത്തില്‍ നിന്നോ അങ്ങിനെ ഒരു മാറ്റിയ തീരുമാനം ഉണ്ടായിട്ടില്ല’ – ഇതാവര്‍ത്തിക്കുന്നത് കേവലം ആത്മസംതൃപ്തി കൊള്ളാനല്ലെന്നറിയാം, മറിച്ച് പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ നടത്തിയ കീഴടങ്ങലുകളെ മൂടിവെക്കാനുള്ള വെറും നാലാംകിട വര്‍ത്തമാനം മാത്രമാണ്. അല്ലായിരുന്നെങ്കില്‍ ചാനല്‍ ചര്‍ച്ചകളില്‍ അത്തരം ചോദ്യങ്ങളെ എത്രമേല്‍ അനായാസം ‘ിീ രീാാലിെേ’ എന്ന രീതിയില്‍ മറുപടി നല്‍കാമായിരുന്നല്ലോ. ഇവിടെ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ വാക്കിനെ പരസ്യമായി വെല്ലുവിളിക്കല്‍ കൂടിയാണ് ചെയ്തിട്ടുള്ളത്.
പെണ്‍ എന്ന പ്രിവിലേജ് ഉപയോഗിച്ച് എന്തും പ്രചരിപ്പിക്കാമെന്നും, ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണ്. മാപ്പ് പറഞ്ഞതിലൂടെയും കേസ് പിന്‍വലിച്ചതിലൂടെയും പൊതുസമൂഹത്തിന് മുന്നില്‍ തങ്ങള്‍ക്കുണ്ടായ അവമതിപ്പ് മറക്കാന്‍ പി.കെ.നവാസെന്ന ഒരു മനുഷ്യന്റെ ജീവിതം ബലികൊടുക്കുന്നത് നികൃഷ്ടമായ കുതന്ത്രമാണ്. ഇത്തരം ‘ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്’ നേതൃത്വം ഇനിയും തടയിട്ടില്ലെങ്കില്‍, ഭാവിയില്‍ ഈ വിഷച്ചെടികള്‍ പ്രസ്ഥാനത്തെത്തന്നെ വിഴുങ്ങും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടായിട്ടും,
താന്‍ മത്സരിക്കുന്ന നിയമസഭാ ഇലക്ഷനില്‍ തനിക്കെതിരെ ആഞ്ഞടിക്കുന്ന തിരമാല പോലെ ആരോപണങ്ങള്‍ എതിരാളികള്‍ ഉയര്‍ത്തിയിട്ടും മേല്‍ വിവാദത്തില്‍ പാര്‍ട്ടിയുടെ ഐക്യത്തിനും കെട്ടുറപ്പിനും പോറലേല്‍ക്കരുതെന്ന ഉറച്ചബോധ്യത്തില്‍ ‘ിീ രീാാലിെേ’ എന്ന രീതിയില്‍ ഒരു മറുവാക്കും പറയാത്ത, ഒരു അപശബ്ദവും ഉണ്ടാക്കാത്ത ഒരു മനുഷ്യനെ വ്യക്തിപരമായി തകര്‍ക്കാന്‍ നുണകളുടെ പരമ്പര തന്നെ സൃഷ്ടിക്കുന്നത് എത്രത്തോളം നീചമാണ്.
തങ്ങളുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാന്‍ പാര്‍ട്ടിയുടെ കാല് പിടിക്കുകയും, ആ ലക്ഷ്യം നേടിയെടുത്ത ശേഷം സൗകര്യപൂര്‍വ്വം ‘ഇരവാദം’ ഉയര്‍ത്തുകയും ചെയ്യുന്നത് നിലപാടിന്റെ രാഷ്ട്രീയമല്ല, മറിച്ച് മുപ്പത് വെള്ളിക്കാശിന് വേണ്ടി പാര്‍ട്ടിയെയും മഹനീയ നേതൃത്വത്തെയും ഒറ്റിക്കൊടുക്കുന്ന പൈശാചിക പ്രവൃത്തിയാണ്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും മാധ്യമ കവറേജിനും സോഷ്യല്‍മീഡിയ ലൈക്കിനും വേണ്ടി സ്വന്തം സഹപ്രവര്‍ത്തകനെ പിന്നില്‍ നിന്ന് കുത്തുന്ന ഈ നികൃഷ്ട മനസ്സ് മാരകമായൊരു മനോരോഗമാണ്.
ഒരു മനുഷ്യനെ ഇത്രത്തോളം ക്രൂരമായി ദ്രോഹിക്കാന്‍ വിട്ടുനല്‍കുന്നത് പാര്‍ട്ടിയുടെ അന്തസ്സിന് ചേര്‍ന്നതല്ല,
സത്യം പുറത്തുവന്നിട്ടും നുണകളുടെ വക്കാലത്ത് പിടിക്കുന്നവര്‍ വിഡ്ഢികളല്ല, മറിച്ച് സ്വന്തം ലാഭത്തിനായി മനസ്സാക്ഷിയെ വില്‍ക്കുന്നവരാണ്. ഈ ‘നികൃഷ്ട മനസ്സിന്റെ’ ഉടമകള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല. ‘കാലം’ ഇതിന് മറുപടി നല്‍കുക തന്നെ ചെയ്യും.
NB: ‘ഈ വിഷയം എപ്പോഴേ തീര്‍ന്നതല്ലേ, ഇപ്പോള്‍ എന്തിനാ ഇത് വീണ്ടും കുത്തിപ്പൊക്കുന്നത്?’ എന്ന് ചോദിച്ച് വരാന്‍ നില്‍ക്കുന്നവരോട്; മാപ്പ് പറഞ്ഞവര്‍ തന്നെ മാധ്യമങ്ങളിലൂടെയും വോട്ടര്‍മാര്‍ക്കിടയിലും ഇപ്പോഴും നുണകള്‍ ആവര്‍ത്തിച്ച് നവാസിനെ വേട്ടയാടുമ്പോള്‍, സത്യം പറയുന്നതിനും നീതിക്ക് വേണ്ടി നില്‍ക്കുന്നതിനും ‘സമയം’ ഒരു തടസ്സമല്ല.
-വി.എ.വഹാബ്
ജന.സെക്രട്ടറി, msf
മലപ്പുറം ജില്ലാ കമ്മിറ്റി.


