ബൈക്ക് യാത്രയ്ക്കിടെ ഭാര്യാമാതാവിനെ ഹെല്‍മറ്റിന് അടിച്ചുവീഴ്ത്തി കൊന്ന യുവാവ് പിടിയില്‍. ഹൈദരാബാദിലാണ് സംഭവം. 28കാരനായ സ്‌നേഹിത് ആണ് പിടിയിലായത്.
|
സ്‌നേഹിതിന്റെ ഭാര്യ കാവ്യ(19)യാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും ഭര്‍ത്താവിനെ പോലീസില്‍ പരാതി നല്‍കിയതും. അരുണ(39)സ്‌നേഹിതിനൊപ്പം പോകവെ ബൈക്കില്‍ നിന്ന് താഴെ വീണു മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ അമ്മയുടെ മരണത്തില്‍ സംശയം തോന്നിയ കാവ്യ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്‌നേഹിതിന്റെ പങ്ക് വെളിവായത്.
യാത്രയ്ക്കിടെ സ്‌നേഹിത ഹെല്‍മറ്റ് കൊണ്ട് അരുണയുടെ തലയ്ക്കടിക്കുന്നതും തുടര്‍ന്നിവര്‍ റോഡിലേക്കു വീഴുന്നതുമായിരുന്നു ഈ ദൃശ്യം. തുടര്‍ന്ന് കാവ്യ മേടിപ്പള്ളി പോലീസില്‍ സ്‌നേഹിതിനെതിരേ പരാതി നല്‍കി. ഒരു വര്‍ഷം മുമ്പായിരുന്ന കാവ്യയും സ്‌നേഹിതും വിവാഹിതരായത്. എന്നാല്‍ ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. ഇതേക്കുറിച്ച് സ്‌നേഹിത് പലപ്പോഴും അരുണയോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
ഏപ്രില്‍ 29ന് അരുണയുടെ വീട്ടിലെത്തിയ സ്‌നേഹിത് സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങാനെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് അവരെ ബൈക്കിനു പിന്നില്‍ കയറ്റി യാത്ര പുറപ്പെടുകയായിരുന്നു. ഈ യാത്രയ്ക്കിടെ ഇരുവരും വഴക്കിട്ടു. ഇതോടെ പെട്രോള്‍ ടാങ്കിനു പുറത്ത് സൂക്ഷിച്ചിരുന്ന ഹെല്‍മറ്റ് എടുത്ത് യുവാവ് അരുണയുടെ തലയിലടിച്ചു. ബാലന്‍സ് നഷ്ടമായ അരുണ റോഡിലേക്ക് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
യാത്രയ്ക്കിടെ അരുണയ്ക്ക് അപസ്മാരം ഉണ്ടായി നിലത്തു വീണെന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷം സ്‌നേഹിത് പറഞ്ഞത്. ചികില്‍സയിലിരുന്ന അരുണ ഏപ്രില്‍ 30ന് മരണത്തിനു കീഴടങ്ങി. സ്‌നേഹിത് പറഞ്ഞ കഥ വിശ്വസിക്കാത്ത കാവ്യ അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീട്ടില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യത്തിലാണ് യുവാവ് അരുണയെ അടിക്കുന്നതായി കണ്ടെത്തിയത്. അതേസമയം കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല സ്‌നേഹിത് അരുണയെ അടിച്ചതെന്ന് മേടിപ്പള്ളി ഇന്‍സ്‌പെക്ടര്‍ സി എച്ച് ശങ്കരയ്യ പറഞ്ഞു.
ALSO READ: യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം എം മണി



