07
May 2026
Thu
07 May 2026 Thu

ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കൈയേറി നിർമിച്ച ദേവാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും പൊളിക്കുന്നു. ഒരു ക്ഷേത്രവും ഒരു പള്ളിയും ആണ് പൊളിക്കുന്നത്. ഇന്ന് രാവിലെ മുതൽ ആണ് പൂപ്പാറയിൽ കൈയേറി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങിയത്. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതിൽ 56 കെട്ടിടങ്ങൾ ഉടമകൾ പൊളിച്ചുനീക്കും. ബാക്കിയുള്ളവ റവന്യു വകുപ്പ് ആണ് പൊളിക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

88 കെട്ടിടങ്ങളും പൂർണമായി പൊളിച്ചുമാറ്റുമെന്നും പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്നും ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഒരു നിവൃത്തിയും ഇല്ലാത്തവരല്ല പുഴ കൈയേറി കെട്ടിടം നിർമിച്ചത്. ദുരന്തനിവാരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കും. കൈയേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.