മുംബൈ: ദക്ഷിണ മുംബൈയിലെ പൈഥുണിയില്‍ ദുരൂഹ സാഹചര്യത്തില്‍ കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച നാല് പേരുടെയും ആന്തരികാവയവങ്ങളില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തി. എലിവിഷത്തില്‍ ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡിന്റെ അംശമാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.
|
കുടുംബം അവസാനമായി കഴിച്ച തണ്ണിമത്തനില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാല്‍, പരിശോധനയില്‍ തണ്ണിമത്തനില്‍ വിഷാംശം കണ്ടെത്താനായില്ല. ഇതോടെ ദുരൂഹത ഏറുകയായിരുന്നു.
ഏപ്രില്‍ 26നാണ് അബ്ദുല്ല ദൊകാഡിയ, ഭാര്യ നസ്രിന്‍, മക്കളായ ആയിഷ, സൈനബ് എന്നിവര്‍ മരിച്ചത്. തലേദിവസം രാത്രി അബ്ദുല്ലയുടെ സഹോദരങ്ങള്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. ചിക്കന്‍ പുലാവായിരുന്നു വിളമ്പിയത്. വിരുന്നുകാര്‍ പോയതിന് ശേഷം പുലര്‍ച്ചെ ഒന്നിന് അവസാനമായി തണ്ണിമത്തന്‍ കഴിച്ചതായി അബ്ദുല്ലയും മകളും മരണമൊഴി നല്‍കിയിരുന്നു.
എങ്ങനെ വിഷം ഉള്ളിലെത്തി എന്ന അന്വേഷണത്തിലാണ് പൊലീസ്. ആത്മഹത്യയിലേക്ക് നയിക്കേണ്ട സാഹചര്യങ്ങള്‍ കുടുംബത്തിനില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഇവരുടെ ആന്തരികാവയവങ്ങള്‍ക്ക് പച്ചനിറം ബാധിച്ചതായി കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ എല്ലാവര്‍ക്കും കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു. സിങ്ക് ഫോസ്‌ഫൈഡിന്റെ അംശം അബദ്ധത്തില്‍ പഴത്തില്‍ കലര്‍ന്നതാണോ അതോ ആരെങ്കിലും മനഃപൂര്‍വം കുത്തിവെച്ചതാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, അന്ന് വിരുന്നില്‍ പങ്കെടുത്ത അതിഥികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.



