ആര്‍എസ്എസ് രൂപീകരണത്തില്‍ നിര്‍ണായക പങ്കുള്ള വിനായക് ദാമോദര്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ച് തവണ മാപ്പപേക്ഷ നല്‍കിയിരുന്നതായി കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍. പുനെയിലെ പ്രത്യേക എം.പി/എം.എല്‍.എ കോടതിയിലാണ് സത്യകി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസിലെ ക്രോസ് വിസ്താരത്തിനിടെയായിരുന്നു നിര്‍ണായക മൊഴി.
|
സവര്‍ക്കര്‍ പശുവിനെ ദൈവമായി കണ്ടിരുന്നില്ലെന്നും ഉപകാരിയായ ഒരു മൃഗമായി മാത്രമാണ് പരിഗണിച്ചിരുന്നതെന്നും സത്യകി കോടതിയില്‍ സമ്മതിച്ചു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു സത്യകിയുടെ പ്രതികരണം.
സെല്ലുലാര്‍ ജയിലില്‍ കഴിയവെ സവര്‍ക്കര്‍ അഞ്ച് തവണ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സവര്‍ക്കര്‍ മാത്രമല്ല, അക്കാലത്തെ പല രാഷ്ട്രീയ തടവുകാരും ഇത്തരത്തില്‍ അപേക്ഷകള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യകി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പരിശീലനം സിദ്ധിച്ച ഒരു സൈന്യം സ്വന്തമായി ഉണ്ടാകണമെന്ന ദീര്‍ഘവീക്ഷണത്തോടെയാണ് അദ്ദേഹം ഇത് ചെയ്തതെന്നും സത്യകി ന്യായീകരിച്ചു. പശുവിനെ ദൈവമായി കാണുന്ന സങ്കല്‍പ്പത്തോട് സവര്‍ക്കര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പശു കേവലം ഒരു ഉപയോഗപ്രദമായ മൃഗം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ദ്വിരാഷ്ട്ര വാദം സവര്‍ക്കറുടെ ആശയമാണെന്ന വാദം സത്യകി തള്ളി. സര്‍ സയ്യിദ് അഹമ്മദ് ഖാനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും സവര്‍ക്കര്‍ അതിലെ വസ്തുതകളെ കുറിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ഭഗത് സിങ്, ബടുകേശ്വര്‍ ദത്ത് തുടങ്ങിയ വിപ്ലവകാരികളേക്കാള്‍ സവര്‍ക്കര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന ചോദ്യത്തിന്, ഓരോ മഹത്വ്യക്തികള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് ചര്‍ച്ച ചെയ്യേണ്ടത് സര്‍ക്കാരാണെന്നും സത്യകി മറുപടി നല്‍കി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 2023 മാര്‍ച്ച് അഞ്ചിന് ലണ്ടനില്‍ നടത്തിയ പ്രസംഗം സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യകി സവര്‍ക്കര്‍ കോടതിയെ സമീപിച്ചത്. സവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ വിവാദ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്നും പ്രസംഗം യൂട്യൂബില്‍നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സത്യകി പുനെ കോടതിയെ സമീപിച്ചത്.
സവര്‍ക്കറെ വിമര്‍ശിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവിധ കോടതികളില്‍ നിലവില്‍ കേസുകളുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നാസിക്കിലെ കോടതിയിലുണ്ടായിരുന്ന ഒരു കേസ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ റദ്ദാക്കിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഹരജിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നായിരുന്നു ഇത്.


