കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഭൂതപൂര്‍വമായ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമസഭ പിരിച്ചുവിട്ടു. നിയമസഭയുടെ കാലാവധി വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് ഗവര്‍ണറുടെ ഈ നിര്‍ണ്ണായക നീക്കം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും രാജിവെക്കാന്‍ മമത ബാനര്‍ജി തയ്യാറാകാത്തതിനെത്തുടര്‍ന്ന് ഉടലെടുത്ത ഭരണഘടനാ പ്രതിസന്ധിക്കാണ് ഇതോടെ താല്‍ക്കാലിക അന്ത്യമായത്.
|
ഭരണഘടനയുടെ അനുച്ഛേദം 174(2)(ബി) പ്രകാരം തനിക്ക് നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ മെയ് 7 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം നിയമസഭ പിരിച്ചുവിട്ടത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും ബിജെപിയുടെ വിജയം വോട്ട് ‘കൊള്ളയടിച്ചതിന്റെ’ ഫലമാണെന്നും മമത ബാനര്‍ജി ആരോപിച്ചു. ‘ഞാന്‍ തോറ്റിട്ടില്ല, അതിനാല്‍ രാജ്ഭവനിലേക്ക് പോകില്ല, രാജിവെക്കില്ല’ എന്നായിരുന്നു അവരുടെ പ്രഖ്യാപനം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ നീക്കമാണിത്.
സാധാരണഗതിയില്‍ കാലാവധി തീരുമ്പോള്‍ മുഖ്യമന്ത്രി രാജിവെക്കുകയും പുതിയ സര്‍ക്കാര്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരുകയുമാണ് പതിവ്. എന്നാല്‍ മമത രാജിവെക്കാന്‍ വിസമ്മതിച്ചതോടെ, അവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്. ശനിയാഴ്ച പുതിയ ബിജെപി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോടതിയിലേക്ക്
പത്തു വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
ഗവര്‍ണറുടെ നടപടിയോടെ മമത ബാനര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി വിജയികളെ സാക്ഷ്യപ്പെടുത്തുന്നത് വരെ ഒരു മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. പുതിയ സര്‍ക്കാര്‍ വരുന്നത് വരെയുള്ള രണ്ടു ദിവസത്തെ ഭരണപരമായ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുമെന്നത് ഇപ്പോള്‍ ഗവര്‍ണറുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.



