മുംബൈയില്‍ രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തില്‍ ആശയക്കുഴപ്പത്തിലായി പോലീസ്. തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍ മറ്റു ചിലതാണ്.
|
മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ പച്ച നിറത്തിലായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ശക്തമായ ഏതെങ്കിലും വിഷം ഉള്ളില്‍ ചെന്നതിന്റെ സൂചനയാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.
മരിച്ച അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തില്‍ മോര്‍ഫിന്റെ സാന്നിധ്യം കണ്ടെത്തിയതും കേസില്‍ വലിയ ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്. ഇത് എങ്ങനെ ശരീരത്തിലെത്തി എന്നതും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന വിവരമനുസരിച്ച്, മരണവും തണ്ണിമത്തനും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
ഏപ്രില്‍ 27നായിരുന്നു ദക്ഷിണ മുംബൈയിലെ പൈധുനിയില്‍ മൊബൈല്‍ ഷോപ്പ് ഉടമയായ അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീന്‍ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവര്‍ മരിച്ചത്. രാത്രി വീട്ടില്‍ വന്ന അതിഥികള്‍ക്കൊപ്പം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിഥികള്‍ പോയ ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ തണ്ണിമത്തന്‍ കഴിച്ചത്. പുലര്‍ച്ചെ അഞ്ചു മണിയോടെ നാലുപേര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു.
കുടുംബം ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മര്‍ദ്ദത്തിലായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം ഇവര്‍ കഴിച്ച പുലാവിലും തണ്ണിമത്തനിലും അസ്വാഭാവികമായി എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ മരണകാരണം വ്യക്തമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ കഴിഞ്ഞാഴ്ച പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. അന്ന് വീട്ടില്‍ അതിഥികളായി എത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ദമ്പതികളും അവരുടെ രണ്ട് പെണ്‍മക്കളും മരിച്ച സംഭവത്തിന് പിന്നാലെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായിരുന്നു. പൈധുനിയിലെ മാര്‍ക്കറ്റുകളില്‍ നിന്ന് തണ്ണിമത്തന്‍ വില്‍പനക്കാര്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
നാലുപേരുടെ മരണം ദക്ഷിണ മുംബൈയുടെ ചില ഭാഗങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴാണ് പ്രാദേശിക വിപണികളില്‍ ദൃശ്യമാകുന്നത്. എന്നാല്‍ കുടുംബം കഴിച്ചെന്ന് കരുതുന്ന തണ്ണിമത്തന്റെ സാമ്പിളുകള്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.



