04
May 2026
Mon
04 May 2026 Mon
assembly election result live 2026

കേരളത്തോടൊപ്പം തന്നെ മലയാളികള്‍ ഉള്‍പ്പെടെ ഉറ്റുനോക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് തമിഴ് നാടും പശ്ചിമ ബംഗാളും. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതോടൊപ്പം പശ്ചിമ ബംഗാളില്‍ ഭരണം പിടിക്കുമെന്നും ബിജെപി അവകാശപ്പെടുന്നു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പശ്ചിമ ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും സൃഷ്ടിക്കുന്ന രാഷ്ട്രീയ അനുരണനങ്ങളെന്തായിരിക്കുമെന്നതാണ് അഞ്ച് നിയമസഭകളില്‍ ഇക്കുറി ഏവരും ഉറ്റുനോക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മമതാ ബാനര്‍ജിയും തമ്മിലുള്ള നേര്‍ക്കുനേര്‍ യുദ്ധമായി മാറിയ പശ്ചിമബംഗാളില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഏജന്‍സികളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും ശക്തമായ പിന്തുണയോടെയെങ്കിലും ബി.ജെ.പി ഇത്തവണ ഭരണം പിടിക്കുമോ എന്നതുതന്നെയാണ് അതില്‍ പ്രധാനം.

രാജ്യത്തെ അവസാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍കൂടി ഈ തെരഞ്ഞെടുപ്പോടെ നിലംപൊത്തുമോ എന്നതാണ് ബി.ജെ.പി നിയമസഭയിലേക്ക് വീണ്ടുമെത്തുമോ എന്നതിനൊപ്പം കേരളത്തെ ദേശീയ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത്. തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നടത്തുന്ന ബദല്‍ രാഷ്ട്രീയ പരീക്ഷണം പരിക്കേല്‍പിക്കുന്നത് ആര്‍ക്കെന്ന ചോദ്യത്തിനുത്തരം തമിഴ്‌നാട് ഇന്നു നല്‍കും.

കേരളത്തില്‍ അര ഡസന്‍ സീറ്റുകളെങ്കിലും നേടി കിങ്ക മേക്കറാവാന്‍ പറ്റുമോ എന്ന ആകാംക്ഷയിലാണ് ബി.ജെ.പി. മമത ബാനര്‍ജി, എം.കെ. സ്റ്റാലിന്‍, പിണറായി വിജയന്‍ എന്നീ പ്രതിപക്ഷത്തെ അതികായന്മാരുടെയും വടക്കുകിഴക്കന്‍ ഇന്ത്യയുടെ അമിത് ഷാ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമന്ത ബിശ്വശര്‍മയുടെയും രാഷ്ട്രീയ ഭാവികൂടി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്.

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 823 സീറ്റുകളിലേക്കാണ് ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 29 വരെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 9ന് കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ഘട്ട വോട്ടെടുപ്പായിരുന്നുവെങ്കില്‍ തമിഴ്‌നാട്ടില്‍ ബംഗാളിലെ ആദ്യഘട്ടത്തിനൊപ്പം ഏപ്രില്‍ 23നായിരുന്നു. ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29നും നടന്നു.

എസ്.ഐ.ആറിലൂടെ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയാതിരുന്ന പശ്ചിമ ബംഗാളില്‍ കേന്ദ്ര സേനയുടെ റെക്കോഡ് വിന്യാസത്തിനിടയിലും തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള ജീവന്മരണ പോരാട്ടമാണ് നടന്നത്. മുഖ്യമന്ത്രി നേരിട്ട് സ്‌ട്രോങ് റൂമുകളില്‍ പോയതടക്കമുള്ള നാടകീയ രംഗങ്ങള്‍ക്കിടയില്‍ ഫാല്‍ട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി റീ പോളിങ് പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ കഴിഞ്ഞ ദിവസം റീപോളിങ് പൂര്‍ത്തിയാക്കി.