കബീര്‍ കൊണ്ടോട്ടി
|
ജിദ്ദ: ഓട്ടിസം, സെറിബ്രല്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി ഐസിഎഫ് ‘രിഫാഈ കെയര്‍’ എന്ന പേരില്‍ വിപുലമായ പദ്ധതി നടപ്പാക്കുന്നു. സാമ്പത്തികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന ആയിരം കുടുംബങ്ങളെ ലക്ഷ്യമിട്ട് മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് നിലവില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ വീതം വര്‍ഷത്തില്‍ 30,000 രൂപയുടെ ധനസഹായമാണ് എത്തിക്കുന്നത്.
പ്രവാസികളുടെ കുടുംബക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘ഐസിഎഫ് കെയര്‍’ എന്ന പേരില്‍ മറ്റൊരു പദ്ധതിയും സംഘടന നടപ്പാക്കുന്നു. മാരക രോഗങ്ങള്‍, അകാല മരണം, ദുരിതത്തിലാകുന്ന പ്രവാസി കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതി ആശ്വാസമേകും. രോഗപീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായമായി മൂന്ന് ലക്ഷം രൂപ വരെയും, മരണം സംഭവിച്ച കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയും ഈ സ്‌കീമിലൂടെ നല്‍കി വരുന്നു.
ഐസിഎഫ് നാഷണല്‍ ജനറല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി, നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ എറണാകുളം, നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് മുജീബ് എ ആര്‍ നഗര്‍, നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍, പിആര്‍ ആന്‍ഡ് മീഡിയ സെക്രട്ടറി അഷ്റഫലി എം കെ. എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ALSO READ: കാസര്‍കോട്ട് വീടിനുള്ളില്‍ രാജവെമ്പാല



