28
Jun 2026
Sun
28 Jun 2026 Sun
KMCC Jeddah reception for Sadiqali Shihab Thangal at Jeddah

ഇന്ത്യാ സൗദി സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ മഹത്തായ ചരിത്രമുണ്ടെന്നും ഈ ബന്ധം കൂടുതല്‍ ഊഷ്മളമായി ഊട്ടി ഉറപ്പിക്കുന്നതില്‍ സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ലയാലി ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാചകന്റെ കാലത്ത് തന്നെ ഇന്ത്യയില്‍ ഇസ്ലാമിന്റെ സന്ദേശമെത്തിയിട്ടുണ്ട്. കച്ചവട ആവശ്യത്തിന് ആ കാലത്ത് തന്നെ അറബികള്‍ നമ്മുടെ നാട്ടിലെത്തിയിട്ടുണ്ട്. അറബ് സംസ്‌കാരത്തിന് മഹത്തായ മാനുഷിക മൂല്യങ്ങളുണ്ട് അതുകൊണ്ടാണ് അന്നം തേടി വന്ന നമ്മുടെ നാട്ടുകാരെ ഇവര്‍ ചേര്‍ത്ത് പിടിക്കുന്നത്. ഇവിടെത്തെ നിയമ വ്യവസ്ഥകളില്‍ പോലും മനുഷ്യപ്പറ്റിന്റെ കാരുണ്യം നമുക്ക് ഏറെ അനുഭവിക്കാനായിട്ടുണ്ട്. ഈ രാജ്യത്തെ ഭരണാധികാരികള്‍ അനുകമ്പയോടെയുള്ള സമീപനമാണ് നമ്മോട് കാണിക്കുന്നത്. ആധുനിക സൗദി അറേബ്യയുടെ നിര്‍മിതിയില്‍ വലിയ പങ്ക് വഹിച്ചവരാണ് ഇന്ത്യന്‍ പ്രവാസികള്‍. ഇനിയും സൗദിയിലെ നിയമ വ്യവസ്ഥകള്‍ പാലിച്ച് ഉത്തമ ഇന്ത്യക്കാരായി എല്ലാവരും മുന്നോട്ട് പോവണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.

മലയാളി പ്രവാസികളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണാന്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കെഎംസിസി യുടെ നൂതന പദ്ധതികളിലും പരിപാടികളിലും സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം ജിദ്ദ കെഎംസിസിയെ പ്രശംസിച്ചു.
പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര തങ്ങള്‍ക്ക് കെഎംസിസിയുടെ ആദരപത്രം സമര്‍പ്പിച്ചു. സി.കെ റസാഖ് മാസ്റ്റര്‍ പ്രവാസി പ്രശ്‌നങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി സെന്‍ട്രന്‍ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി ഭാരവാഹികളും തങ്ങളെ ഷാള്‍ അണിയിച്ചു. വന്‍ ജനാവലി തിങ്ങി നിറഞ്ഞ പരിപാടിയില്‍ വെച്ച് തങ്ങളെ കുറിച്ച് എഴുതപ്പെട്ട ഉടന്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പോസ്റ്റര്‍ റിലീസിങ് നടന്നു.

ജിദ്ദ കെഎംസിസി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സൗദി കെ. എം. സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. അശ്റഫ് വേങ്ങാട്, നസീംപുളിക്കല്‍, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള , വി.പി മുഹമ്മദലി, വി.കെ ഹുസൈന്‍ കുട്ടി, ഹാരിസ് കല്ലായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ട്രഷര്‍ വി.പി അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.

ALSO READ: വെനിസ്വേലന്‍ ഭൂകമ്പത്തില്‍ മരിച്ചവരില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യയും രണ്ടു മക്കളും