29
May 2026
Tue
29 May 2026 Tue
neet ug exam

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിക്ക് പിന്നാലെ നീറ്റ് (യുജി) പരീക്ഷ റദ്ദാക്കി. മെയ് മൂന്നിന് നടന്ന പരീക്ഷയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റദ്ദാക്കിയത്. പുതിയതായി പരീക്ഷ നടത്തുന്ന തീയ്യതി പിന്നീട് അറിയിക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സിബിഐ അന്വേഷിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. രാജസ്ഥാനിലെ സിഖറില്‍ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിന് നീറ്റ് പരീക്ഷയുടെ യഥാര്‍ഥ ചോദ്യപേപ്പറുമായി വലിയ തോതില്‍ സാമ്യമുള്ളതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് അന്വേഷണം നടത്തിയത്.

രാജസ്ഥാന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിലെ 720 മാര്‍ക്കില്‍ ഏകദേശം 600 മാര്‍ക്കും മുന്‍കൂട്ടി പ്രചരിച്ച ഒരു ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ഇത് പരീക്ഷക്ക് മുമ്പ് തയാറാക്കിയ ഊഹംവെച്ചുള്ള ഒരു ചോദ്യപേപ്പറാണോ അതോ യഥാര്‍ഥ ചോദ്യപേപ്പര്‍ ചോര്‍ന്നതാണോ എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഉത്തരങ്ങളുടെ ക്രമത്തിലും സാമ്യം

നിരവധി ചോദ്യങ്ങളിലെ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും യഥാര്‍ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നീറ്റ് പരീക്ഷക്ക് രണ്ട് ദിവസം മുമ്പ് സിക്കാറില്‍ നിന്നാണ് ചോദ്യാവലി ആദ്യം പുറത്തുവന്നതെന്നും 20,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ വിലക്ക് ഇത് വിദ്യാര്‍ഥികള്‍ക്ക് വിറ്റുവെന്നും ബന്ധപ്പെട്ടവൃത്തങ്ങള്‍ പറയുന്നു.

ALSO READ: മുഖ്യമന്ത്രി പദവി: ലീഗിന്റെ ഇടപെടലില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തി

പരീക്ഷയുടെ തലേദിവസം രാത്രിയോടെ, ഓരോ പകര്‍പ്പും ഏകദേശം 30,000 രൂപ വിലക്ക് പ്രചരിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. എസ്.ഒ.ജി അന്വേഷണത്തില്‍ സംശയാസ്പദമായ ചോദ്യാവലി കേരളത്തിലെ ഒരു മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ഥിയുടേതാണെന്ന് കണ്ടെത്തി. മേയ് ഒന്നിന് സിക്കാറിലെ സുഹൃത്തിന് ഇത് പങ്കുവെച്ചതായും പറയുന്നു. തുടര്‍ന്ന് ഇത് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് അതിവേഗം പ്രചരിക്കുകയായിരുന്നു.

കൈപ്പടയിലെഴുതിയ 300ലേറെ ചോദ്യങ്ങള്‍

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയില്‍ നിന്നുള്ള 300ലധികം കൈയക്ഷര ചോദ്യങ്ങള്‍ ഈ മെറ്റീരിയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷകര്‍ അവകാശപ്പെടുന്നു. കൂടാതെ ഇതിലെ കൈയക്ഷരമെല്ലാം സമാനമായി കാണപ്പെടുന്നു. ഏകദേശം 140 ചോദ്യങ്ങള്‍ നീറ്റിന്റെ യഥാര്‍ഥ ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നതായും പറയുന്നു. ഓരോ ചോദ്യത്തിനും നാല് മാര്‍ക്ക് ഉള്ളതിനാല്‍, ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ റാങ്കിങ്ങിലും പ്രവേശനത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

പരീക്ഷക്ക് മുമ്പുതന്നെ ഈ മെറ്റീരിയല്‍ നിരവധി വിദ്യാര്‍ഥികളിലേക്ക് എത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അച്ചടിച്ച പകര്‍പ്പുകള്‍ ഓഫ്‌ലൈനായി വിതരണം ചെയ്തിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. നിലവില്‍ സിക്കാറിലെ ഒരു പി.ജി ഓപ്പറേറ്റര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NEET-UG held on May 3 cancelled after Rajasthan paper leak

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക