13
May 2026
Wed
13 May 2026 Wed
Radhan Pandit Vetrivel

Vijay Appoints Astrologer His Political Adviser ചെന്നൈ: തമിഴ്‌നാട് ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ പുതിയ വിവാദത്തില്‍ അകപ്പെട്ട് മുഖ്യമന്ത്രി വിജയ്. തന്റെ വ്യക്തിഗത ജോത്സ്യനായ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ‘ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി’ (OSD) ആയി നിയമിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് വന്‍ വിജയം നേടുമെന്ന് പ്രവചിച്ച വ്യക്തിയാണ് വെട്രിവേല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഖ്യകക്ഷികളുടെ പ്രതിഷേധം

ദ്രാവിഡ രാഷ്ട്രീയത്തിലെ യുക്തിവാദ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഈ നിയമനമെന്ന് സഖ്യകക്ഷികളായ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും വി.സി.കെയും ആരോപിക്കുന്നു.

‘ഒരു ജോത്സ്യന് എന്തിനാണ് ഒ.എസ്.ഡി പദവി? ആര്‍ക്കെങ്കിലും ഇത് വിശദീകരിക്കാമോ?’ എന്ന് കോണ്‍ഗ്രസ് എം.പി ശശികാന്ത് സെന്തില്‍ എക്‌സില്‍ കുറിച്ചു.

മതേതര സര്‍ക്കാരില്‍ ഇത്തരം നിയമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി തീരുമാനം പുനഃപരിശോധിക്കണമെന്നും വി.സി.കെ ജനറല്‍ സെക്രട്ടറി ഡി. രവികുമാര്‍ ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധവും ശാസ്ത്രബോധത്തിന് നിരക്കാത്തതുമായ ഈ നിയമനം പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ചിലവില്‍ ഇത്തരം നിയമനങ്ങള്‍ നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസം വളര്‍ത്താന്‍ മാത്രമേ സഹായിക്കൂ എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. ഷണ്‍മുഖം പറഞ്ഞു.

ALSO READ: എങ്ങോട്ട് നീങ്ങും എ.ഐ.എ.ഡി.എം.കെ വിമതര്‍? വിജയ് യുടെ  വിശ്വാസ വോട്ടെടുപ്പ് പളനിസ്വാമിക്ക് നിര്‍ണ്ണായകം

ആരാണ് രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍?

ടി.വി.കെയുടെ വക്താവായും മുഖ്യമന്ത്രിയുടെ അടുത്ത സഹായിയായും പ്രവര്‍ത്തിച്ചിരുന്ന വെട്രിവേലിന് രാഷ്ട്രീയ പ്രമുഖരുടെ വലിയൊരു ക്ലയന്റ് ലിസ്റ്റ് തന്നെയുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജോത്സ്യനായിരുന്നു ഇദ്ദേഹം. അവിഹിത സ്വത്ത് സമ്പാദന കേസില്‍ ജയലളിത ജയിലില്‍ പോകില്ലെന്ന വെട്രിവേലിന്റെ പ്രവചനം തെറ്റിയതോടെയാണ് അവര്‍ തമ്മില്‍ അകന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 234-ല്‍ 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കോണ്‍ഗ്രസ്, വി.സി.കെ, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പിനെ വിജയ് എങ്ങനെ നേരിടുമെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.