18
May 2026
Mon
18 May 2026 Mon
vd satheeshan chief minister

തിരുവനന്തപുരം: പുതുകാല കേരളത്തിന്റെ പ്രതീക്ഷകളിലേക്ക് വി.ഡി. സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിഡിഎസിനും മറ്റു 20 മന്ത്രിമാര്‍ക്കു രാവിലെ 10ന് ഗവണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് സാക്ഷിയാവാന്‍ തലസ്ഥാനത്തേക്ക് ഞായറാഴ്ച ഉച്ചമുതല്‍ വന്‍ ജനപ്രവാഹമായിരുന്നു. ജനവികാരത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള നന്ദിയും കടപ്പാടുമെന്നവണ്ണം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു.

മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന 20 മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച വൈകിട്ട് സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. പട്ടിക നിയുക്ത മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. മുസ്ലിം ലീഗ് മന്ത്രിമാരുടെ പട്ടിക സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പ്രഖ്യാപിച്ചു.

അധികാര പ്രവേശനത്തിന് സാക്ഷികളാകാന്‍ ഇതര സംസ്ഥാന മുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തലസ്ഥാനത്തെത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദന്‍ സിങ് സുഖു, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി.