തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത വേദിയില്‍ പൂര്‍ണ വന്ദേമാതരം ആലപിച്ചതിന് പ്രശംസയുമായി ആര്‍.എസ്.എസ് മുഖമാസിക ഓര്‍ഗനൈസര്‍. വന്ദേമാതരം യാതൊരു എതിര്‍പ്പുമില്ലാതെ ആലപിക്കപ്പെട്ടതില്‍ മതേതര വിശ്വാസികളില്‍ നിന്ന് വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് ആര്‍എസ്എസിന്റെ പ്രശംസ.
|
കേരളം ഇന്ത്യയ്ക്ക് പുറത്തല്ല എന്ന് തെളിയിച്ചിരിക്കുന്നു, ഇത് പുതിയ ഇന്ത്യയാണ് നരേന്ദ്ര മോദിയുടെ ഇന്ത്യ എന്നിങ്ങനെ പോകുന്നു ഓര്‍ഗനൈസറുടെ പ്രശംസ. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പികളുമായാണ് ഓര്‍ഗനൈസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
‘ആത്മവിശ്വാസമുള്ള ദേശീയതയ്ക്ക് മുന്നില്‍ പഴയ വ്യവസ്ഥകളൊക്കെ തകരുന്നു’ എന്നിങ്ങനെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രശംസകളാണ് വര്‍ത്തയിലുള്ളത്.
അതേസമയം, വന്ദേമാതരം ആലപിച്ചസമയത്ത് മുസ്ലിം ലീഗ് നേതാക്കള്‍ അസ്വസ്ഥരായിരുന്നെന്നും ഓര്‍ഗനൈസര്‍ പറയുന്നുണ്ട്. വന്ദേമാതരം നിര്‍ബന്ധമാക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധിപോലും ദേശീയ ഗീതം മുഴുവന്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതനായെന്നും ഓര്‍ഗനൈസര്‍ പറഞ്ഞു.
തമിഴ്‌നാട് സത്യപ്രതിജ്ഞാ വേളയില്‍ ദേശീയഗീതം ആലപിച്ചതിനെ കുറിച്ചും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്.
വന്ദേമാതരം നിര്‍ബന്ധമല്ലെന്ന് റിയാസ്
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ചൊല്ലിയതിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഈരടികളാണെന്നും തുടര്‍ന്ന് വരുന്ന ചില ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയതും ആശങ്ക ഉയര്‍ത്തിയതുമാണെന്നും റിയാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു.
നിലവില്‍ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് ഒരു ഉപദേശം മാത്രമാണെന്നും, അത് നിര്‍ബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ തമിഴ്നാട്ടിലെ വിജയ് മന്ത്രിസഭ അധികാരമേല്‍ക്കുമ്പോഴും തമിഴ് സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തിനേക്കാള്‍ വന്ദേമാതരത്തിന് പ്രാധാന്യം നല്‍കിയതില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇനിയുള്ള പരിപാടികളില്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ആദ്യപരിപാടിയില്‍ തന്നെ ഇത്ര വലിയൊരു വിവാദമുണ്ടായിട്ടും മുഖ്യന്ത്രി വിഡി സതീശന്‍ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Vande Mataram at the swearing-in ceremony; RSS magazine praises UDF


