ന്യൂഡല്‍ഹി: മനുഷ്യജീവന് ഭീഷണിയാകുന്ന രീതിയില്‍ അക്രമാസക്തരായ തെരുവ്‌നായ്ക്കളെയും പേപ്പട്ടികളെയും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ച് ദയാവധം (Euthanasia) ചെയ്യാന്‍ അനുമതി നല്‍കി സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്. തെരുവ്‌നായ ശല്യം തടയുന്നതിനായി സുപ്രീം കോടതി സ്വമേധയാ എടുത്ത (Suo Motu) കേസിലാണ് ഈ ചരിത്രപരമായ വിധി.
|
സുപ്രീം കോടതിയുടെ ഉത്തരവ് ഇങ്ങനെ:
‘തെരുവ്‌നായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിക്കുകയും, നായ കടിയേല്‍ക്കുന്നതും അക്രമിക്കപ്പെടുന്നതുമായ സംഭവങ്ങള്‍ പതിവാകുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ പൊതുജനസുരക്ഷയ്ക്ക് നിരന്തരമായ ഭീഷണിയുണ്ടെങ്കില്‍ അധികാരികള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാം. യോഗ്യതയുള്ള മൃഗസംരക്ഷണ വിദഗ്ദ്ധരുടെ കൃത്യമായ വിലയിരുത്തലിന് വിധേയമായും, 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം (Prevention of Cruelty to Animals Act), 2023ലെ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ് (ABC Rules) എന്നിവ കര്‍ശനമായി പാലിച്ചും മാത്രമേ ഇത് ചെയ്യാവൂ. പേവിഷബാധയുള്ളതോ, സുഖപ്പെടുത്താന്‍ കഴിയാത്തവിധം രോഗബാധിതരായതോ, കടുത്ത അക്രമസ്വഭാവം പ്രകടിപ്പിക്കുന്നതോ ആയ നായ്ക്കളെ മനുഷ്യജീവന്റെ സുരക്ഷ മുന്‍നിര്‍ത്തി ദയാവധം ഉള്‍പ്പെടെയുള്ള നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഒഴിവാക്കാവുന്നതാണ്.’
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെ തെരുവ്‌നായ്ക്കളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്ന റിപ്പോര്‍ട്ടുകള്‍ ‘തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന്’ കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ്‌നായ്ക്കളെ മാറ്റണമെന്ന തങ്ങളുടെ മുന്‍ ഉത്തരവ് പരിഷ്‌കരിക്കാന്‍ കോടതി വിസമ്മതിച്ചു.
പൊതുസ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം അതേ സ്ഥലത്ത് തന്നെ തിരികെ വിടരുത് എന്ന മുന്‍ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കോടതി 11 പുതിയ നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചു.
സുപ്രീം കോടതി പുറപ്പെടുവിച്ച 11 പ്രധാന നിര്‍ദ്ദേശങ്ങള്‍:
1. ABC ചട്ടക്കൂട് ശക്തമാക്കുക: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ABC) പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സമയബന്ധിതവും ഏകോപിതവുമായ നടപടികള്‍ സ്വീകരിക്കണം.
2. എല്ലാ ജില്ലകളിലും എബിസി കേന്ദ്രങ്ങള്‍: ഓരോ ജില്ലയിലും ആവശ്യത്തിന് ജീവനക്കാരും, ശസ്ത്രക്രിയാ സൗകര്യങ്ങളും, മറ്റ് അനുബന്ധ സപ്പോര്‍ട്ടിംഗ് ലോജിസ്റ്റിക്‌സും ഉള്ള ചുരുങ്ങിയത് ഒരു എബിസി (ABC) കേന്ദ്രമെങ്കിലും പൂര്‍ണ്ണ സജ്ജമായിരിക്കണം.
3. കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക: ജനസാന്ദ്രതയും ജില്ലകളുടെ വിസ്തീര്‍ണ്ണവും കണക്കിലെടുത്ത് ആവശ്യാനുസരണം എബിസി കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാന്‍ തീരുമാനമെടുക്കണം.
4. മുന്‍ ഉത്തരവുകള്‍ നടപ്പിലാക്കുക: പൊതുസ്ഥലങ്ങളില്‍ നിന്ന് നായ്ക്കളെ മാറ്റണമെന്ന കോടതിയുടെ മുന്‍ ഉത്തരവുകള്‍ ഒട്ടും വൈകിക്കാതെയും ലഘൂകരിക്കാതെയും അതേപടി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം.
5. കൂടുതല്‍ പൊതുസ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക: ജനങ്ങള്‍ കൂടുതലായി ഒത്തുകൂടുന്നതും യാത്ര ചെയ്യുന്നതുമായ മറ്റ് പൊതുസ്ഥലങ്ങളിലേക്കും ഈ ഉത്തരവ് വ്യാപിപ്പിക്കാന്‍ അധികാരികള്‍ക്ക് തീരുമാനമെടുക്കാം. ഗ്രൗണ്ട് റിയാലിറ്റിയും പൊതുജനങ്ങളുടെ സുരക്ഷയും വിലയിരുത്തി വേണം ഇത് ചെയ്യാന്‍.
6. ശേഷി വര്‍ദ്ധിപ്പിക്കല്‍: ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുക, മൃഗസംരക്ഷണ സേവനങ്ങള്‍ വിപുലീകരിക്കുക, ഷെല്‍ട്ടര്‍ സൗകര്യങ്ങള്‍ ശക്തമാക്കുക, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക തുടങ്ങിയ സമഗ്രമായ നടപടികള്‍ സ്വീകരിക്കണം.
7. വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുക: എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധക്കെതിരെയുള്ള വാക്‌സിനും (Anti-rabies vaccine) ഇമ്മ്യൂണോഗ്ലോബുലിനും (Immunoglobulin) ആവശ്യത്തിന് ലഭ്യമാണെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം.
8. ദേശീയപാതകളിലെ സുരക്ഷ: ദേശീയപാത അതോറിറ്റി (NHAI) സംസ്ഥാനങ്ങളുമായി സഹകരിച്ച് ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും തെരുവ്‌നായ്ക്കളും മറ്റ് കന്നുകാലികളും ഇറങ്ങുന്നത് തടയാന്‍ സമയബന്ധിതമായ സംവിധാനം ഒരുക്കണം. ഇവയെ സുരക്ഷിതമായി മാറ്റാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തുകയും അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനുകളുമായി ചേര്‍ന്ന് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുകയും വേണം.
9. ദയാവധത്തിനുള്ള അനുമതി: എബിസി റൂളുകള്‍ അനുസരിച്ച്, സുഖപ്പെടുത്താനാകാത്ത രോഗമുള്ളതോ, പേവിഷബാധയുള്ളതോ ആയ അപകടകാരികളായ നായ്ക്കളെ മനുഷ്യജീവന് ഭീഷണിയാകാത്ത വിധം ദയാവധം ചെയ്യാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാം.
10. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം: കോടതി ഉത്തരവ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ ഉണ്ടായിരിക്കും. മനഃപൂര്‍വ്വം അധികാരം ദുരുപയോഗം ചെയ്തതായി പ്രാഥമികമായി തെളിവില്ലെങ്കില്‍, ഈ ഉത്തരവുകള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആറോ ക്രിമിനല്‍ നടപടികളോ സാധാരണഗതിയില്‍ എടുക്കാന്‍ പാടില്ല.
11. ഹൈക്കോടതികളുടെ നിരീക്ഷണം: ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികള്‍ സ്വമേധയാ (Suo Motu) റിട്ട് ഹര്‍ജികള്‍ രജിസ്റ്റര്‍ ചെയ്ത് നിരന്തരം നിരീക്ഷിക്കണം (Continuing Mandamus). പ്രാദേശികമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉത്തരവിന്റെ വ്യാപ്തി കൂട്ടാന്‍ ഹൈക്കോടതികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അതത് കോടതികള്‍ക്ക് അധികാരമുണ്ടായിരിക്കും.
Supreme Court Allows Euthanasia Of Rabid & Dangerous Dogs


