23
May 2026
Sat
23 May 2026 Sat
china coal mine

ചൈനയിലെ വടക്കന്‍ ഷാന്‍ഷി (Shanxi) പ്രവിശ്യയിലെ ചാങ്സി (Changzhi) നഗരത്തിലുള്ള ലിയുഷെന്യൂ (Liushenyu) കല്‍ക്കരി ഖനിയിലുണ്ടായ വാതക സ്‌ഫോടനത്തില്‍ കുറഞ്ഞത് 80 പേര്‍ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ നിരവധി തൊഴിലാളികള്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിന്‍ഹുവ (Xinhua) വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം സ്‌ഫോടനം നടക്കുമ്പോള്‍ 247 തൊഴിലാളികളാണ് ഭൂഗര്‍ഭ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെയോടെ 201 പേരെ രക്ഷപ്പെടുത്തി ഉപരിതലത്തില്‍ എത്തിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഖനിക്കുള്ളില്‍ മാരക വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് പരിധിക്കപ്പുറം ഉയര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. ഭൂഗര്‍ഭ അറകളില്‍ കുടുങ്ങിക്കിടക്കുന്ന ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും അപകടകാരണം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യഘട്ടത്തില്‍ എട്ട് പേര്‍ മാത്രമാണ് മരിച്ചതെന്നും ഇരുനൂറിലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്നുമായിരുന്നു സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ മരണസംഖ്യ പെട്ടെന്ന് 82 ലേക്ക് ഉയര്‍ന്നതിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ചൈനയിലെ പ്രധാന കല്‍ക്കരി ഖനന മേഖലയാണ് ഷാന്‍ഷി പ്രവിശ്യ. ഗ്രീസിനേക്കാള്‍ വലിയ ഭൂപ്രദേശവും ഏകദേശം 3.4 കോടി ജനസംഖ്യയുമുള്ള ഈ പ്രവിശ്യയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം 130 കോടി ടണ്‍ (1.17 ബില്യണ്‍ മെട്രിക് ടണ്‍) കല്‍ക്കരിയാണ് ഖനനം ചെയ്തത്. ഇത് ചൈനയുടെ ആകെ കല്‍ക്കരി ഉത്പാദനത്തിന്റെ മൂന്നിലൊന്നിനോളം വരും.