നെയ്റോബി: ബൈബിളിലെ സുഭാഷിതങ്ങളില്‍ സോളമന്‍ രാജാവ് ഉറുമ്പുകളെ ജ്ഞാനത്തിന്റെയും അധ്വാനത്തിന്റെയും മാതൃകയായി വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഏകദേശം 3,000 വര്‍ഷങ്ങള്‍ക്കിപ്പുറം, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നുള്ള ഒരു പ്രത്യേക തരം ഉറുമ്പുകളുടെ അന്താരാഷ്ട്ര കള്ളക്കടത്ത് ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. വന്യജീവി വേട്ടയില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ പ്രാണിക്കടത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് കെനിയന്‍ തലസ്ഥാനമായ നെയ്റോബി.
|
ഏറ്റവും ഒടുവിലായി, കഴിഞ്ഞ മാര്‍ച്ചില്‍ കെനിയയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഷാങ് കെക്വിന്‍ (Zhang Kequn) എന്ന ചൈനീസ് പൗരന്‍ പിടിയിലായിരുന്നു. ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടായിരത്തിലധികം ജീവനുള്ള ഭീമന്‍ ഉറുമ്പുകളെ ഇയാളുടെ ബാഗില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. തുടര്‍ന്ന് ഏപ്രില്‍ 15-ന് കെനിയന്‍ കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം തടവും 10 ലക്ഷം കെനിയന്‍ ഷില്ലിംഗ് (ഏകദേശം 6.5 ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു.
ഇയാളില്‍ നിന്ന് പിടിച്ചെടുത്തവയില്‍ വലിയ വിലമതിപ്പുള്ള 1,948 ‘ഭീമന്‍ ആഫ്രിക്കന്‍ ഹാര്‍വെസ്റ്റര്‍ ഉറുമ്പുകള്‍’ (Giant African Harvester Ants – Messor cephalotes) ഉണ്ടായിരുന്നു. രാജ്യത്ത് ഉറുമ്പ് കടത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഇത് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതവും കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടതുണ്ടെന്ന് കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഐറിന്‍ ഗിച്ചോബി വ്യക്തമാക്കി. കെനിയയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ ഉറുമ്പ് കടത്ത് കേസാണിത്.
വിദേശങ്ങളില്‍ പ്രിയമേറുന്നു; വന്‍ വില

യൂറോപ്പിലും ഏഷ്യയിലും ഉള്ള സമ്പന്നരായ ആളുകള്‍ക്കിടയില്‍ ഈ ഉറുമ്പുകളെ ‘അപൂര്‍വ്വ വളര്‍ത്തുമൃഗങ്ങളായി’ (Exotic Pets) വളര്‍ത്തുന്ന പ്രവണത കൂടിവരികയാണ്. കൃത്രിമമായി നിര്‍മ്മിക്കുന്ന ‘ഫാമിക്യൂറിയം’ (Formicariums) അഥവാ ഉറുമ്പ് ഫാമുകളില്‍ ഇവയെ വളര്‍ത്തി, അവയുടെ കോളനികളുടെ വളര്‍ച്ചയും പെരുമാറ്റവും നിരീക്ഷിക്കുന്നത് പലരുടെയും വിനോദമാണ്.
ചൈനയില്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കപ്പെടുന്ന വിദേശ ഉറുമ്പുകളെക്കുറിച്ചുള്ള ഒരു പഠനമനുസരിച്ച്, ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മൂന്നാമത്തെ ഇനമാണ് ഈ ഭീമന്‍ ആഫ്രിക്കന്‍ ഉറുമ്പുകള്‍.
കെനിയയില്‍ വെച്ച് ഒരു ഉറുമ്പിന് വെറും 100 കെനിയന്‍ ഷില്ലിംഗ് (ഏകദേശം 65 രൂപ) നല്‍കിയാണ് ചൈനീസ് പൗരന്‍ ഇവയെ വാങ്ങിയത്. എന്നാല്‍ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും വിപണിയില്‍ എത്തുമ്പോള്‍ ഒരു ‘റാണി ഉറുമ്പിന്’ (Queen Ant) 235 പൗണ്ട് (ഏകദേശം 25,000 രൂപ) വരെ വില ലഭിക്കും. അതായത് കെനിയയിലെ വിലയേക്കാള്‍ 40 ഇരട്ടിയിലധികം ലാഭം!
കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ 5,000 ഭീമന്‍ ഉറുമ്പുകളുമായി ബെല്‍ജിയത്തില്‍ നിന്നുള്ള രണ്ട് കൗമാരക്കാരും, സിറിഞ്ചുകളിലും ചെറിയ പാത്രങ്ങളിലുമായി ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ച വിയറ്റ്നാം സ്വദേശിയും കെനിയയില്‍ പിടിയിലായിരുന്നു.
എന്തുകൊണ്ട് ഈ ഉറുമ്പുകള്‍ക്ക് ഇത്രയും ഡിമാന്‍ഡ്?
കിഴക്കന്‍ ആഫ്രിക്കയില്‍ മാത്രം കാണപ്പെടുന്ന ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹാര്‍വെസ്റ്റര്‍ ഉറുമ്പുകളാണ്. ഇവയിലെ തൊഴിലാളി ഉറുമ്പുകള്‍ക്ക് 19 മില്ലിമീറ്റര്‍ വരെയും റാണി ഉറുമ്പുകള്‍ക്ക് 25 മില്ലിമീറ്റര്‍ വരെയും നീളമുണ്ടാകും. ആകര്‍ഷകമായ ചുവപ്പും കറുപ്പും കലര്‍ന്ന നിറവും, സങ്കീര്‍ണ്ണമായ കോളനി നിര്‍മ്മാണ രീതിയുമാണ് ഇവയെ ഉറുമ്പ് പ്രേമികളുടെ പ്രിയപ്പെട്ട ഇനമാക്കുന്നത്. ഉറുമ്പുകളുടെ ലോകത്തെ ‘കടുവകള്‍’ എന്നാണ് പ്രാണികളെക്കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധര്‍ ഇവയെ വിശേഷിപ്പിക്കുന്നത്.
ഒരു റാണി ഉറുമ്പ് തന്റെ ജീവിതകാലം മുഴുവന്‍ മുട്ടകളിട്ട് ലക്ഷക്കണക്കിന് ഉറുമ്പുകളുള്ള വലിയ കോളനികള്‍ സൃഷ്ടിക്കുന്നു. ദശാബ്ദങ്ങളോളം ഈ കോളനികള്‍ നിലനില്‍ക്കും. ഭൂമിക്കടിയില്‍ വലിയ അറകളുണ്ടാക്കി ധാന്യവിളകളുടെ വിത്തുകള്‍ ശേഖരിച്ചുവെക്കുന്ന ശീലവും ഇവയ്ക്കുണ്ട്.
പരിസ്ഥിതിക്ക് കനത്ത തിരിച്ചടി
ഈ ഉറുമ്പുകള്‍ വെറുമൊരു പ്രാണിയല്ല, മറിച്ച് പുല്‍മേടുകളുടെയും സവന്നകളുടെയും നിലനില്‍പ്പിനെ നിര്‍ണ്ണയിക്കുന്ന ‘കീസ്റ്റോണ്‍ സ്പീഷീസ്’ (Keystone Species) ആണെന്ന് പ്രാണിശാസ്ത്രജ്ഞനായ ഡിനോ മാര്‍ട്ടിന്‍സ് പറയുന്നു. ‘ഇവ പുല്‍മേടുകളിലെ കര്‍ഷകരെപ്പോലെയാണ്. വിവിധയിനം പുല്ലുകളുടെ വിത്തുകള്‍ ശേഖരിച്ച് മണ്ണില്‍ വിതറാന്‍ ഇവ സഹായിക്കുന്നു. ഇത് വന്യജീവികള്‍ക്കും കന്നുകാലികള്‍ക്കും ആവശ്യമായ പുല്ലുകളുടെ വൈവിധ്യം നിലനിര്‍ത്തുന്നു.’ അദ്ദേഹം വ്യക്തമാക്കി.
ഇവയെ വന്‍തോതില്‍ വേട്ടയാടുന്നത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കും. ഉറുമ്പുകള്‍ ഇല്ലാതായാല്‍ അത് പുല്‍മേടുകളെയും കന്നുകാലികളെയും ബാധിക്കും. തുടര്‍ന്ന് പാലും പാലുല്‍പ്പന്നങ്ങളും ഇല്ലാതാവുകയും വന്യജീവികളെ ആശ്രയിച്ചുള്ള ടൂറിസം മേഖല തകരുകയും ചെയ്യും.
അതുപോലെ തന്നെ, ഈ ഉറുമ്പുകള്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള ചൈനയോ അമേരിക്കയോ പോലുള്ള രാജ്യങ്ങളില്‍ എത്തിപ്പെട്ടാല്‍, അവിടെയുള്ള കാര്‍ഷിക മേഖലയെയും പ്രാദേശിക പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന ‘അധിനിവേശ ജീവികളായി’ (Invasive Species) ഇവ മാറാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജീവികളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയില്‍ നിന്നും മാറ്റുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.
Smuggled in syringes: how Nairobi became a nexus for the black market in giant harvester ants



