വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ദക്ഷിണ ഇറാനിലെ ലക്ഷ്യങ്ങള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമാക്രമണം. ഖത്തറില്‍ വാഷിംഗ്ടണുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനായി ഇറാന്റെ ഉന്നത നയതന്ത്രജ്ഞര്‍ ഒത്തുകൂടിയ സമയത്താണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായിരിക്കുന്നത്.
|
ഇറാന് സൈന്യത്തില്‍ നിന്നുള്ള ഭീഷണികളില്‍ നിന്നും യുഎസ് സൈനികരെ സംരക്ഷിക്കുന്നതിനായി നടത്തിയ ‘സ്വയംരക്ഷാ ആക്രമണങ്ങള്‍’ (Self-defence strikes) ആണ് ഇതെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്റ് (CENTCOM) അവകാശപ്പെടുന്നത്.
മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും, മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ഇറാന്റെ ബോട്ടുകളും ആക്രമിച്ച ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വക്താവും നേവി ക്യാപ്റ്റനുമായ ടിം ഹോക്കിന്‍സ് അല്‍ ജസീറയോട് പറഞ്ഞു. നിലവിലുള്ള വെടിനിര്‍ത്തല്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ തങ്ങളുടെ സൈന്യത്തെ സംരക്ഷിക്കാനുള്ള നടപടികളുമായി യുഎസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് സൈന്യം തയ്യാറായിട്ടില്ല.
ALSO READ: നവവരന്‍ കടന്നല്‍കുത്തേറ്റ് മരിച്ചു
ഏപ്രില്‍ 8 മുതല്‍ യുഎസും ഇറാനും തമ്മില്‍ ഔദ്യോഗികമായി വെടിനിര്‍ത്തല്‍ നിലവിലിരിക്കെയാണ് ഈ പുതിയ നീക്കങ്ങള്‍. യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാന് മേല്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ ഈ വ്യോമാക്രമണം പൂര്‍ണ്ണമായും തകിടം മറിക്കാന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഗാലിബഫും ഉള്‍പ്പെടുന്ന ഉന്നതതല ഇറാന്‍ പ്രതിനിധി സംഘമാണ് സമാധാന കരാറിലെ തടസ്സങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ദോഹയിലെത്തിയത്. ചര്‍ച്ചകള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നടപടി. ഒരു വലിയ കരാറിന് മാത്രമേ തങ്ങള്‍ തയ്യാറാകൂ എന്നും അല്ലാത്തപക്ഷം കൂടുതല്‍ ശക്തമായി യുദ്ധരംഗത്തേക്ക് മടങ്ങുമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ (Truth Social) പ്ലാറ്റ്ഫോമില്‍ കുറിച്ചിരുന്നു.
പതിനായിരക്കണക്കിന് ആളുകളുടെ ജീവനെ ബാധിക്കുന്ന ഈ തര്‍ക്കത്തില്‍ ഒരു വ്യക്തമായ തീര്‍പ്പുണ്ടാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.
US military launches strikes on southern Iran amid talks in Qatar



