27
May 2026
Wed
27 May 2026 Wed
Abdul Raheem saudi release

റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയാദില്‍ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഉടന്‍ നാട്ടിലെത്തും. എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നാളത്തെ വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷന്‍ നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

2006ലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികള്‍ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം സ്വരൂപിച്ചത്.

ALSO READ: അബ്ദുല്‍ റഹീം ജയില്‍ മോചിതനായി

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്.

Abdul Raheem’s Prison Release: Family Hopeful of His Return Home Before Eid