30
May 2026
Sat
30 May 2026 Sat
Romance scam JAPAN

കവര്‍ച്ച, പോക്കറ്റടി എന്നിവയിലൂടെ നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പണം ഇന്ന് ജപ്പാനില്‍ ഓണ്‍ലൈന്‍ പ്രണയക്കെണികളിലൂടെ (Online Love Scams) നഷ്ടപ്പെടുന്നുണ്ട്. ഈ തട്ടിപ്പിന്റെ തിരക്കഥകള്‍ ഇപ്പോള്‍ നിങ്ങളുടെ വാട്സാപ്പിലും എത്തിക്കഴിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കന്‍ ജപ്പാനിലെ ശാന്തമായ ഒരു ചെറിയ നഗരത്തില്‍ (നമ്മുടെ ഒഡീഷയിലെ ഗ്രാമങ്ങള്‍ പോലെ തോന്നിക്കുന്ന ഒരിടം) താമസിക്കുന്ന അമ്പതിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീക്ക് ഒരു സെലിബ്രിറ്റിയുടെതെന്ന വ്യാജേന ഒരു അജ്ഞാത സന്ദേശം ലഭിച്ചു. ആഴ്ചകളോളം, അവളുടെ ഭര്‍ത്താവ് ഒരിക്കലും സംസാരിക്കാത്ത രീതിയില്‍ അവന്‍ അവളോട് സംസാരിച്ചു. അവന്‍ ക്ഷമയുള്ളവനായിരുന്നു, റൊമാന്റിക് ആയിരുന്നു, ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധാലുവായിരുന്നു. ഒടുവില്‍ ആ സംഭാഷണങ്ങള്‍ അവസാനിച്ചപ്പോഴേക്കും, താന്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്ത, ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത, ഇനി ഒരിക്കലും മുഖം കാണാന്‍ സാധ്യതയില്ലാത്ത ആ വ്യക്തിക്ക് അവള്‍ അയച്ചു കൊടുത്തത് 18 ദശലക്ഷം യെന്‍ ആണ്. ഇന്നത്തെ നിരക്കില്‍ ഏകദേശം 1 കോടി രൂപ!

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ജപ്പാനില്‍ പണം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളില്‍ ഒരാള്‍ മാത്രമാണ്.

2025-ല്‍ ജപ്പാന്‍ പൗരന്മാര്‍ക്ക് ഇത്തരം തട്ടിപ്പുകളിലൂടെ ആകെ നഷ്ടപ്പെട്ടത് 324.11 ബില്യണ്‍ യെന്‍ ആണ് (ഏകദേശം 19,100 കോടി രൂപ). അടുത്തിടെ വരെ സേഫുകള്‍ പൂട്ടിയിടാതിരിക്കുകയും, വഴിയില്‍ കളഞ്ഞുകിട്ടുന്ന വാലറ്റുകള്‍ കൃത്യമായി പോസ്റ്റില്‍ തിരിച്ചെത്തുകയും ചെയ്യുന്ന രാജ്യമെന്ന് പേരുകേട്ട ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന തട്ടിപ്പ് നിരക്കാണിത്. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രണയത്തട്ടിപ്പുകള്‍ (Romance Scams) മാത്രം 5,604 കേസുകളിലായി 55.22 ബില്യണ്‍ യെന്‍ നഷ്ടം വരുത്തിവെച്ചു. നാഷണല്‍ പോലീസ് ഏജന്‍സി ഇതിനെ ‘SNS-ഗതാ റൊമാന്‍സു സാഗി’ (സോഷ്യല്‍ മീഡിയ വഴിയുള്ള പ്രണയത്തട്ടിപ്പ്) എന്നാണ് വിളിക്കുന്നത്. ഇതിന്റെ നിരക്ക് ഓരോ വര്‍ഷവും ഇരട്ടിയായി വര്‍ദ്ധിക്കുകയാണ്.

പൂനെ, ലഖ്നൗ, സൂറത്ത്, കൊച്ചി, അല്ലെങ്കില്‍ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ഇരുന്ന് ഇതേക്കുറിച്ച് വായിക്കുമ്പോള്‍, ഇതൊരു ജപ്പാന്‍കാരുടെ മാത്രം പ്രശ്‌നമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ജപ്പാനില്‍ ഒരു പതിറ്റാണ്ട് കൊണ്ട് രൂപപ്പെട്ട ഈ തട്ടിപ്പ് ശൃംഖല അതിവേഗത്തിലാണ് ഇന്ത്യയിലേക്ക് പടരുന്നത്, അത് ഇതിനകം തന്നെ ഇവിടെ എത്തിക്കഴിഞ്ഞു.

ഈ തട്ടിപ്പ് നടക്കുന്നത് എങ്ങനെ?

പണ്ട് ഇംഗ്ലീഷ് തെറ്റുകളോടെ വന്നിരുന്ന നൈജീരിയന്‍ രാജകുമാരന്മാരുടെ ഇമെയില്‍ തട്ടിപ്പുകളുടെ കാലമൊക്കെ കഴിഞ്ഞു. ഇന്നത്തെ റൊമാന്‍സ് സ്‌കാമര്‍മാര്‍ വളരെ ക്ഷമയുള്ളവരും, വിവരമുള്ളവരുമാണ്. ഇന്‍സ്റ്റാഗ്രാമില്‍ നിന്നോ ലിങ്ക്ഡ്ഇനില്‍ നിന്നോ എടുത്ത മോഡലുകളുടെയോ, സൈനികരുടെയോ, ഡോക്ടര്‍മാരുടെയോ യഥാര്‍ത്ഥ ചിത്രങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്.

മിക്കപ്പോഴും ഒരു ‘റോങ് നമ്പര്‍’ സന്ദേശത്തിലൂടെയാണ് തുടക്കം. ‘ഹായ്, ഇത് രാഹുല്‍ ആണോ?’, ‘സോറി, മാറി മെസ്സേജ് അയച്ചതാണ്. നിങ്ങള്‍ മുംബൈയില്‍ നിന്നാണോ?’. അങ്ങനെ സംഭാഷണം ആരംഭിക്കുന്നു. അവന്‍ വളരെ മാന്യമായി സംസാരിക്കുന്നു. അവളുടെ കുട്ടികളെക്കുറിച്ച് ചോദിച്ചറിയുന്നു, അവളുടെ അമ്മയുടെ കാല്‍മുട്ട് വേദനയെക്കുറിച്ച് അവന്‍ കൃത്യമായി ഓര്‍ത്തു വെക്കുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, ആ സ്ത്രീ ഒരു ദിവസം ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വ്യക്തിയായി അവന്‍ മാറുന്നു.

അവന്‍ ഒരിക്കലും തുടക്കത്തില്‍ പണം ചോദിക്കില്ല. ആളുകള്‍ ജാഗ്രത പാലിക്കുന്നതും ഇവിടെയാണ്. പകരം, അവന്‍ അവള്‍ക്ക് ഒരു ട്രേഡിംഗ് ആപ്പ് പരിചയപ്പെടുത്തുകയും, അതിലൂടെ ചെറിയൊരു ലാഭമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്ക് മാത്രം ലഭ്യമായ ഒരു ക്രിപ്‌റ്റോ നിക്ഷേപത്തെക്കുറിച്ച് പറയുന്നു. ഒടുവില്‍, തന്റെ ബിസിനസ്സ് സാധനങ്ങള്‍ കസ്റ്റംസില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, വിദേശത്തുള്ള കോടിക്കണക്കിന് രൂപയുടെ അക്കൗണ്ടുകള്‍ ഉടന്‍ തുറക്കുമെന്നും പറഞ്ഞ് ഒരു ചെറിയ തുക കടം ചോദിക്കുന്നു.

താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് അവള്‍ തിരിച്ചറിയുമ്പോഴേക്കും ആ ആപ്പ് അപ്രത്യക്ഷമായിട്ടുണ്ടാകും, പണം മൂന്ന് രാജ്യങ്ങള്‍ക്കപ്പുറമുള്ള വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടാകും. അവള്‍ പ്രണയിച്ച ആ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിപ്പ് പോലും ഉണ്ടാകില്ല.

2025 നവംബറില്‍, വിവാഹാലോചന നടത്തുന്നയാളെന്ന വ്യാജേന ഒരു സ്ത്രീയില്‍ നിന്ന് 100 ദശലക്ഷം യെന്‍ (ഏകദേശം 5.9 കോടി രൂപ) തട്ടിയെടുത്ത കേസ് ജപ്പാന്‍ പോലീസ് അന്വേഷിക്കാന്‍ തുടങ്ങി. ഫുകുവോകയില്‍ ഒരു സ്ത്രീക്ക് നഷ്ടമായത് 11.6 ദശലക്ഷം യെന്‍ (68 ലക്ഷം രൂപ) ആണ്.

ഏറ്റവും അത്ഭുതപ്പെടുത്തിയ മറ്റൊരു കേസ് സാപ്പോറോയില്‍ നിന്നാണ്; ബഹിരാകാശ പേടകത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഓക്‌സിജന്‍ വാങ്ങാന്‍ അടിയന്തിരമായി പണം വേണമെന്നും പറഞ്ഞ് ഒരു വ്യാജ ‘ബഹിരാകാശ യാത്രികന്‍’ 80 വയസ്സുള്ള വയോധികയെ വിശ്വസിപ്പിച്ചു. അവര്‍ അഞ്ച് കണ്‍വീനിയന്‍സ് സ്റ്റോറുകളില്‍ നിന്നായി 1 ദശലക്ഷം യെന്‍ വിലവരുന്ന ഇലക്ട്രോണിക് മണി കാര്‍ഡുകള്‍ വാങ്ങി അതിന്റെ കോഡുകള്‍ അയാള്‍ക്ക് അയച്ചു കൊടുത്തു!

ഇന്ത്യയും ഇതേ അപകടത്തിലേക്ക്

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025-ല്‍ സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത് 22,495 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേസുകളില്‍ 24 ശതമാനം വര്‍ദ്ധനവുണ്ടായി. നിക്ഷേപ തട്ടിപ്പുകളാണ് ഇതില്‍ കൂടുതലെങ്കിലും, വൈകാരികമായി വിശ്വസിപ്പിച്ച് വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് ഇരകളെ ആകര്‍ഷിക്കുന്ന റൊമാന്‍സ് ലിങ്ക്ഡ് ‘പിഗ് ബുച്ചറിംഗ്’ (Pig butchering) തട്ടിപ്പുകളാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇനം.

ഇന്ത്യയിലെ ഇരകളുടെ പശ്ചാത്തലവും ഇപ്പോള്‍ ജപ്പാനിലേതുപോലെ മാറിക്കൊണ്ടിരിക്കുകയാണ്. ചെറുനഗരങ്ങളും ഗ്രാമങ്ങളുമാണ് ഇപ്പോള്‍ ഇവരുടെ പ്രധാന ലക്ഷ്യം. 2025-ഓടെ ഇന്ത്യയിലെ 86 ശതമാനം വീടുകളിലും സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും എത്തിക്കഴിഞ്ഞു. കുട്ടികള്‍ മെട്രോ നഗരങ്ങളിലേക്കോ വിദേശങ്ങളിലേക്കോ മാറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ, ചെറുനഗരങ്ങളിലെ 40-50 വയസ്സുകളിലുള്ള സ്ത്രീകളാണ് പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍. ഇത്തരം കെണികളെ തിരിച്ചറിയാന്‍ അവര്‍ക്ക് വേണ്ടത്ര പരിചയമില്ല.

ഇത്തരം തട്ടിപ്പുകാരുടെ ഏറ്റവും വലിയ ആയുധം ഇരകളുടെ ‘നാണക്കേട്’ ആണ്. ഇന്ത്യയിലെ അഞ്ചില്‍ ഒരു യുപിഐ (UPI) ഉപയോക്താവ് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും, പകുതിയിലധികം പേരും പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മറ്റുള്ളവര്‍ അറിയുന്നതിലെ നാണക്കേട്, പ്രത്യേകിച്ച് ഒരു വിവാഹിതയായ സ്ത്രീയോ വിധവയോ ആയ ഒരാള്‍ പ്രണയക്കെണിയില്‍ പെട്ടു എന്നറിഞ്ഞാലുണ്ടാകുന്ന സാമൂഹിക അപമാനം, ഈ കേസുകളെ പുറംലോകം അറിയാതെ മൂടിവെക്കുന്നു. ജപ്പാനിലും ഇതേ നിശബ്ദതയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം വൈകിച്ചത്.

ജാപ്പനീസ് തട്ടിപ്പ് ‘സാരി’ ഉടുത്ത് ഇന്ത്യയിലെത്തുമ്പോള്‍

Romance Scam INDIA

ഈ തട്ടിപ്പിന് ഇന്ത്യയില്‍ ചില പ്രാദേശിക മാറ്റങ്ങളുണ്ട്. ദുബായിലെ ‘എന്‍ആര്‍ഐ ഡോക്ടര്‍’, ലേയില്‍ ജോലി ചെയ്യുന്ന ‘ഇന്ത്യന്‍ ആര്‍മി മേജര്‍’, കാനഡയിലെ ‘ഭാര്യ മരിച്ച വിഭാര്യന്‍’ എന്നിവരൊക്കെയാണ് ഇവിടുത്തെ കഥാപാത്രങ്ങള്‍. അവരൊക്കെ ചെറിയൊരു പ്രോസസ്സിംഗ് ഫീസിന് വേണ്ടിയോ അടിയന്തിര ആവശ്യങ്ങള്‍ക്കോ ആയിരിക്കും ആദ്യം പണം ചോദിക്കുക.

മറ്റൊരു രീതി വാട്സാപ്പ് ഗ്രൂപ്പുകളാണ്. പുതിയൊരു സുഹൃത്ത് വഴി ഒരു ട്രേഡിംഗ് ഗ്രൂപ്പില്‍ അംഗമാവുന്നു. അവിടെ എല്ലാവരും ലാഭമുണ്ടാക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കുന്നു. ആദ്യം ചെറിയ തുക നിക്ഷേപിക്കുമ്പോള്‍ ഇരട്ടി ലാഭം കിട്ടുന്നു. ഇത് കണ്ട് വലിയ തുക കടം വാങ്ങി നിക്ഷേപിക്കുമ്പോള്‍ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുന്നു. ജപ്പാനില്‍ ഇതിനെ ‘തോഷി സാഗി’ (നിക്ഷേപ തട്ടിപ്പ്) എന്ന് വിളിക്കുന്നു.

മുതിര്‍ന്ന സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വെറും ‘സ്‌ട്രോങ്ങ് പാസ്വേഡ് ഉപയോഗിക്കുക’ എന്നതുകൊണ്ട് മാത്രം ഈ തട്ടിപ്പുകളെ തടയാനാവില്ല. താഴെ പറയുന്ന കാര്യങ്ങളാണ് അവര്‍ മനസ്സിലാക്കേണ്ടത്:

1. ‘റോങ് നമ്പര്‍’ സന്ദേശങ്ങള്‍ ഒരിക്കലും അബദ്ധത്തില്‍ വരുന്നതല്ല: ഒരു അപരിചിതന്‍ മാറി മെസ്സേജ് അയച്ചതാണെന്ന് പറഞ്ഞ് സംഭാഷണം തുടരാന്‍ ശ്രമിച്ചാല്‍, അത് തെക്കുകിഴക്കന്‍ ഏഷ്യയിലെവിടെയോ ഇരുന്ന് ഒരേ തിരക്കഥയില്‍ നൂറുകണക്കിന് ആളുകളെ പറ്റിക്കുന്ന തട്ടിപ്പ് സംഘത്തിന്റെ ജോലിയുടെ ഭാഗമാണെന്ന് മനസ്സിലാക്കുക.
2. വീഡിയോ കോള്‍ ചെയ്തിട്ടില്ലെങ്കില്‍ അവര്‍ വ്യാജനാണ്: ആഴ്ചകളോളം സംസാരിച്ചിട്ടും ക്യാമറ ഓണ്‍ ചെയ്യാന്‍ മടിക്കുന്നവര്‍ 100% വ്യാജന്മാരാണ്. മോശം ഇന്റര്‍നെറ്റ്, ആര്‍മി രഹസ്യങ്ങള്‍, ബഹിരാകാശ പേടകം തുടങ്ങിയവയെല്ലാം വെറും ഒഴികഴിവുകള്‍ മാത്രമാണ്.
3. പണവും പ്രണയവും ഒന്നിച്ച് വരില്ല: ഏതാനും ആഴ്ചത്തെ പരിചയം മാത്രമുള്ള ഒരാള്‍, എത്ര വലിയ അത്യാവശ്യം പറഞ്ഞാലും പണം ചോദിച്ചാല്‍ അത് തട്ടിപ്പാണ്. ഇതില്‍ ഡോക്ടര്‍മാര്‍ക്കോ സൈനികര്‍ക്കോ യാതൊരു ഇളവുമില്ല.
4. അപരിചിതര്‍ പറയുന്ന നിക്ഷേപ ആപ്പുകള്‍ വ്യാജമാണ്: യഥാര്‍ത്ഥ ബ്രോക്കര്‍മാര്‍ പ്രണയ സംഭാഷണങ്ങളിലൂടെ ഉപഭോക്താക്കളെ തേടാറില്ല. സെബിയുടെ (SEBI) അംഗീകാരമില്ലാത്ത ഒരു ആപ്പിലും പണം നിക്ഷേപിക്കരുത്.
5. നാണക്കേട് വിചാരിക്കാതെ പരാതിപ്പെടുക: തട്ടിപ്പ് നടന്നാല്‍ ഉടനടി ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ (cybercrime.gov.in) അല്ലെങ്കില്‍ ‘1930’ എന്ന ഹെല്‍പ്ലൈന്‍ നമ്പറിലോ വിവരമറിയിക്കുക. ആദ്യത്തെ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ പരാതിപ്പെട്ടാല്‍ പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.

കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കുക

ONLINE SCAM

ഇന്ത്യയേക്കാള്‍ സമ്പന്നവും ഡിജിറ്റലായി വളര്‍ന്നതുമായ ജപ്പാനില്‍ പോലും 2025 അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം തട്ടിപ്പ് വര്‍ഷമായിരുന്നു. തട്ടിപ്പുകാര്‍ തോല്‍ക്കുകയല്ല, മറിച്ച് കൂടുതല്‍ ശക്തരാവുകയാണ് ചെയ്യുന്നത്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതലാണ്, ഒപ്പം തെറ്റ് സമ്മതിക്കാനുള്ള സാമൂഹിക ഭയവുമുണ്ട്. ജപ്പാനിലെ സാഹചര്യം ഒരു മുന്നറിയിപ്പാണ്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ചെറുനഗരങ്ങളില്‍ ഇത്തരം പ്രണയ-നിക്ഷേപ തട്ടിപ്പുകളുടെ വലിയൊരു തരംഗം തന്നെ ഉണ്ടായേക്കാം.

സാപ്പോറോയിലെ ആ 80 വയസ്സുകാരി വിഡ്ഢിയായിരുന്നില്ല, അവര്‍ ഒറ്റപ്പെട്ടവളായിരുന്നു. അവരെ തട്ടിപ്പുകാര്‍ കണ്ടെത്തി, പക്ഷേ നമ്മുടെ സിസ്റ്റത്തിന് അവരെ കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ നമ്മുടെ നാട്ടിലും ഏതോ ഒരു സ്ത്രീ ഇത്തരമൊരു സന്ദേശം തുറന്നു വായിക്കുന്നുണ്ടാകാം. നിങ്ങളുടെ അമ്മയെയോ, പെങ്ങളെയോ, അമ്മായിയെയോ വിളിച്ച് സംസാരിക്കുക. ഈ ‘ബഹിരാകാശ യാത്രികന്റെ’ കഥ അവര്‍ക്ക് പറഞ്ഞു കൊടുക്കുക. അബദ്ധത്തില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ദേഷ്യപ്പെടില്ലെന്നും കൂടെയുണ്ടാകുമെന്നും അവര്‍ക്ക് ഉറപ്പ് നല്‍കുക. ആ ഒരു സംഭാഷണം ഏത് ഫയര്‍വോളിനേക്കാളും വിലപ്പെട്ടതാണ്.

Romance scams: Japanese grandmother lost ₹1 crore