തിരുവനന്തപുരം: മുന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടും. സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കും. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചുരുന്നു. യുഡിഎഫ് സര്‍ക്കാര്‍ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പി പി ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.
|
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി കുടുംബം നല്‍കിയ ഹരജിയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹരജി ഭാഗികമായി അംഗീകരിച്ച കോടതി, അന്വേഷണ സംഘം വിട്ടുകളഞ്ഞ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്‌നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ വാദിച്ചിരുന്നു. പി.പി ദിവ്യയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് ഉള്‍പ്പെടെയുള്ളവ കുറ്റപത്രത്തിനൊപ്പം ഹാജരാക്കാത്തത് ഗൂഢാലോചന മറച്ചുവെക്കാനാണെന്നും കുടുംബം ആരോപിച്ചു. ഈ വാദങ്ങള്‍ മുഖവിലക്കെടുത്താണ് കോടതിയുടെ പുതിയ നടപടി.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മെയ് 16 നാണ് ഹര്‍ജിയില്‍ പറഞ്ഞ നാല് കാര്യങ്ങളില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
ഇതില്‍ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. കൊയ്യം സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണം പണയം വെച്ച്, പണം വായ്പ എടുത്തതിന്റെ രേഖകള്‍ റിപ്പോര്‍ട്ടിനൊപ്പമുണ്ട്. എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂര്‍ണ രൂപവും ഹാജരാക്കി.
2024 ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകാനിരുന്ന അദ്ദേഹത്തിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍, അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അതിക്രമിച്ചു കയറി അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസ്.


