പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകരായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി തള്ളി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അപൂര്‍വമായ കേസാണെന്നും പ്രതികള്‍ നടത്തിയ അക്രമം മാധ്യങ്ങളിലൂടെ ജനങ്ങള്‍ തത്സമയം കണ്ടതാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ മജിസ്‌ട്രേറ്റ് ടാനി മറിയം ജോസ് വ്യക്തമാക്കി.
|
ഇത്തരം സംഭവങ്ങളില്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു. കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി മുമ്പാകെ എത്തിയത്. യാതൊരുവിധ പ്രകോപനവും ഇല്ലാതെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.


