എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വനിതാ ശിശുവികസന മന്ത്രി ബിന്ദു കൃഷ്ണ വീട്ടിലെത്തി കണ്ട് അനുഗ്രഹം വാങ്ങി. വെള്ളാപ്പള്ളി നടേശനാണ് ബിന്ദു കൃഷ്ണയുടെ സന്ദര്‍ശനവിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിക്കു മുന്നില്‍ കൈകൂപ്പ് നില്‍ക്കുന്നതും വെള്ളാപ്പള്ളി മന്ത്രിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു.
|
അതേസമയം എല്‍ഡിഎഫ് ഭരണകാലത്ത് വെള്ളാപ്പള്ളി നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ മറന്നുകൊണ്ട് ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ പോയി കണ്ടതിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവനകളെ അവഗണിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ചത് അന്ന് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു. മുസ് ലിം ലീഗിനെതിരേയും മുസ് ലിംകള്‍ക്കെതിരേയുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായ വോട്ട് ചെയ്യാന്‍ വലിയൊരു വിഭാഗത്തിനെ പ്രേരിപ്പിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ നടപടി യുഡിഎഫിനുള്ളില്‍ തന്നെ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ വി പി മന്ത്രി ബിന്ദുകൃഷ്ണയുടെ നടപടിയില്‍ പ്രതിഷേധിച്ചു. മന്ത്രി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വാര്‍ത്തയും ചിത്രങ്ങളും കാണുമ്പോള്‍ ശക്തമായ പ്രതിഷേധവും നിരാശയും പ്രയാസവുമാണ് സാധാരണ പ്രവര്‍ത്തകര്‍ക്കുള്ളതെന്ന് ദുല്‍ഖിഫില്‍ പ്രതികരിച്ചു. ഈ സന്ദര്‍ശനെ പൂര്‍ണമായി അപലപിക്കുന്നുവെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എസ്എന്‍ഡിപി യോഗം എന്ന മഹാപ്രസ്ഥാനവും അതിലെ സാധാരണക്കാരായ മനുഷ്യരും തിരഞ്ഞെടുപ്പുകളില്‍ താങ്കളെയും പ്രസ്ഥാനത്തെയും സഹായിച്ചിട്ടുണ്ടാകാം, അതിനെ ഞങ്ങള്‍ പൂര്‍ണമായി ബഹുമാനിക്കുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെയും ഇവിടെ വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന ഒരു സമുദായത്തെയും ഒരു ജില്ലയെയും അങ്ങേയറ്റം വര്‍ഗീയമായി അധിക്ഷേപിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തത് നമ്മുടെ മുന്നിലുള്ള യാഥാര്‍ഥ്യമാണ്. ആ വിദ്വേഷ പരാമര്‍ശങ്ങള്‍ തിരുത്താന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടുമില്ലെന്നും ദുല്‍ഖിഫില്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയില്‍ നിന്നും, കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്ന ചില രാഷ്ട്രീയ മാന്യതകളുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യങ്ങള്‍ക്കപ്പുറം മതേതര നിലപാടുകളില്‍ ഉറച്ചുനില്‍ക്കുക എന്നത് ഈ കാലഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഫാഷിസത്തിനെതിരെയും വര്‍ഗീയതയ്ക്കെതിരെയും തെരുവില്‍ പോരാടുന്ന സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആവേശം നല്‍കേണ്ടത് താങ്കളെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ കൃത്യമായ നിലപാടുകളാണെന്നും ദുല്‍ഖിഫില്‍ പറഞ്ഞു.
ALSO READ: നെടുമങ്ങാട്ട് ഒന്നരവയസ്സുകാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ അമ്മയും രണ്ടാനച്ഛനും റിമാന്‍ഡില്‍

