കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 600 രൂപയാണ് ഒരു പവന് മേല്‍ ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,14,560 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് 14,320 രൂപയുമാണ് ഇന്നത്തെ വില.
|
ആഭരണങ്ങള്‍ വാങ്ങാനായി കാത്തിരുന്നവര്‍ക്ക് ഈ അവസരം മുതലാക്കാവുന്നതാണ്. ഇനിയൊരു വിലയിറക്കത്തിന് സാധ്യത കുറവാണെന്നാണ് വിപണിയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും കഴിഞ്ഞ ഏറെകാലമായി സ്വര്‍ണവില റെക്കോഡ് നിരക്കില്‍ കുതിക്കുകയാണ്. 2025ന്റെ അവസാനത്തോടെ 1 ലക്ഷം കടന്ന സ്വര്‍ണവില 2026 ലെങ്കിലും താഴോട്ടിറങ്ങുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. സ്വര്‍ണത്തെ ഉയരങ്ങളില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന വിവിധ സംഭവവികാസങ്ങളാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്.
ഒന്നേകാല്‍ ലക്ഷത്തിലാണ് മെയ് 31 ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പന നടന്നത്. ഈ തുകയില്‍ നിന്ന് പതുക്കെ താഴോട്ടിറങ്ങിയിരുന്നുവെങ്കിലും ഒറ്റടിക്ക് പിന്നെയും വില വര്‍ധിപ്പിക്കുകയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ തന്നെയാണ് ഇന്ത്യയിലും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നത്. ഇതോടൊപ്പം രൂപയുടെ മൂല്യത്തില്‍ സംഭവിക്കുന്ന തകര്‍ച്ചയും വില വര്‍ധനവിന് ആക്കം കൂട്ടും.
സ്വര്‍ണവിലയില്‍ ഇനി സംഭവിക്കാന്‍ പോകുന്നതെന്ത്?
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളോട് നിക്ഷേപകര്‍ക്കുള്ള പ്രതികരണം സമ്മിശ്രമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ ഒരു സമാധാന കരാറില്‍ എത്തിച്ചേരില്ലെന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയരാന്‍ വഴിയൊരുക്കിയത്.
സ്വര്‍ണവില നിശ്ചയിക്കുന്നത് യുഎസ് ഡോളറിലാണ്. ഡോളറിന് തുടര്‍ച്ചയായി സംഭവിക്കുന്ന തകര്‍ച്ച മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്ക് ഗുണം ചെയ്യും. ഇത് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് വഴിയൊരുക്കുന്നത് സാധാരണമാണ്. ക്രൂഡ് ഓയില്‍ വിലയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയിടിവ് സംഭവിച്ചിരുന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പ ആശങ്കകള്‍ കുറയ്ക്കാറുണ്ട്.
എന്നാല്‍, ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ യുഎസുമായി ഒരു സമാധാന കരാര്‍ സാധ്യമാകില്ലെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്തുവരുന്നത്. ഇറാന്‍ ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പ് നല്‍കി, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. സമാധാന കരാറില്‍ എത്തിച്ചേരാതെ യുദ്ധം മുന്നോട്ട് പോകുകയാണെങ്കില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കും, ഇത് വീണ്ടും വില വര്‍ധനവിന് വഴിയൊരുക്കുന്നതാണ്. ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരുകയാണെങ്കില്‍ മാത്രമേ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാകൂ.


