ചെന്നൈ: തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ തനിക്ക് ഇനി അവസരങ്ങളോ ഭാവിയോ ഇല്ലെന്ന് വിലയിരുത്തുന്ന അണ്ണാമലൈ, പാര്‍ട്ടി തമിഴ്നാട് ചുമതലയുള്ള നിതിന്‍ നവിനുമായി ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
|
234 അംഗ തമിഴ്നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലം ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഇതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ അണ്ണാമലൈയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ‘ദയവായി കാത്തിരിക്കൂ, നമുക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഇരുന്ന് സംസാരിക്കാം’ എന്നായിരുന്നു മറുപടി. അണ്ണാമലൈ വിമാനത്താവളത്തില്‍ എത്തിയ വാഹനത്തില്‍ ബിജെപിയുടെ കൊടി വെയ്ക്കാതിരുന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ജൂണ്‍ 4-ന് അണ്ണാമലൈയുടെ ജന്മദിനം പ്രമാണിച്ച് ‘ഞങ്ങളുടെ നേതാവേ, വരൂ ഞങ്ങളെ നയിക്കൂ’ എന്ന മുദ്രാവാക്യങ്ങളോടെ ചെന്നൈയിലെ പ്രധാന തെരുവുകളില്‍ ഇതിനകം തന്നെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അണ്ണാമലൈ അത് നിരസിച്ചതായാണ് വിവരം.
ആദ്യം ജനകീയ മുന്നേറ്റം, പിന്നീട് രാഷ്ട്രീയ പാര്‍ട്ടി
ബിജെപി വിട്ടാല്‍ അണ്ണാമലൈ നേരിട്ട് പാര്‍ട്ടി പ്രഖ്യാപിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പകരം, സമാന ചിന്താഗതിയുള്ള ആളുകളെയും യുവാക്കളെയും പ്രൊഫഷണലുകളെയും ഒരുമിച്ച് നിര്‍ത്തിക്കൊണ്ട് ഒരു വലിയ സന്നദ്ധ ശൃംഖല രൂപീകരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. നിലവില്‍ അദ്ദേഹം നടത്തിവരുന്ന ‘വി ദ ലീഡേഴ്‌സ്’ (We The Leaders) എന്ന ലാഭരഹിത സംഘടനയെ ഇതിനായി അടിത്തറയാക്കും.
ഈ മുന്നേറ്റം പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാനാണ് പദ്ധതി. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ പുതിയ പാര്‍ട്ടി മത്സരിച്ചേക്കുമെന്നും, അത് അണ്ണാമലൈയുടെ വ്യക്തിപരമായ സ്വാധീനത്തിന്റെ ആദ്യ പരീക്ഷണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
നേതൃത്വവുമായുള്ള ഭിന്നതയ്ക്ക് പിന്നില്‍?
സിബിഎസ്ഇ സ്‌കൂളുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ത്രിഭാഷാ പദ്ധതി നേരത്തെ നടപ്പാക്കാന്‍ ശ്രമിച്ചതിനെ അണ്ണാമലൈ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇത് തമിഴ്നാട് ബിജെപി നേതൃത്വവുമായി അദ്ദേഹം അകലുന്നതിന്റെ ആദ്യ സൂചനയായിരുന്നു.
തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ നിലപാട്. എന്നാല്‍ കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി (AIADMK) സഖ്യമുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും അണ്ണാമലൈ പൂര്‍ണ്ണമായി മാറിനിന്നിരുന്നു.
കര്‍ണാടകയില്‍ ഐപിഎസ് ഓഫീസറായിരിക്കെ ‘സിങ്കം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അണ്ണാമലൈ, പിന്നീട് സിവില്‍ സര്‍വീസ് രാജി വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. അണ്ണാമലൈയുടെ അടുത്ത നീക്കം തമിഴ്നാട് രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തോടെ മാറിയ സാഹചര്യത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
K Annamalai Likely To Quit BJP


