10
Jun 2026
Wed
10 Jun 2026 Wed
iphone birth rate

അമേരിക്കയിലെ ജനനനിരക്ക് കുറയുന്നതിന് പിന്നിലെ വിചിത്രമായ ഒരു കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ ഗവേഷണ പഠനം- മറ്റൊന്നുമല്ല, അത് ആപ്പിളിന്റെ ഐഫോണ്‍ (iPhone) ആണ്. ഐഫോണുകളുടെ വ്യാപനം കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ജനനനിരക്ക് കുറയ്ക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസ്‌ക് (NBER) പ്രസിദ്ധീകരിച്ച ഈ പഠനം, 2007-ല്‍ ഐഫോണ്‍ പുറത്തിറങ്ങിയതിന് ശേഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ ജനനനിരക്കിനെ അത് എങ്ങനെയെല്ലാം ബാധിച്ചു എന്ന് വിശദമായി പരിശോധിക്കുന്നു. ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഐഫോണ്‍ നേരത്തെ ലഭ്യമായിത്തുടങ്ങിയ പ്രദേശങ്ങളില്‍, വൈകി ലഭ്യമായ പ്രദേശങ്ങളെ അപേക്ഷിച്ച് ജനനനിരക്കില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.

’30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കിടയില്‍ ജനനനിരക്ക് കുത്തനെ കുറയുന്നതിനും പ്രായം കൂടിയ സ്ത്രീകള്‍ക്കിടയിലെ ജനനനിരക്ക് വര്‍ദ്ധിക്കാതിരിക്കുന്നതിനും ഐഫോണിന്റെ വ്യാപനം കാരണമായിട്ടുണ്ട്. മൊത്തത്തില്‍ പറഞ്ഞാല്‍, 15 മുതല്‍ 44 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കിടയിലെ ജനനനിരക്കിലുണ്ടായ കുറവിന്റെ 33% മുതല്‍ 52% വരെ ഐഫോണിന്റെ സ്വാധീനം മൂലം സംഭവിച്ചതാണെന്ന് പഠനം വ്യക്തമാക്കുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഫോണ്‍ വ്യാപനവും കുറയുന്ന ജനനനിരക്കും തമ്മിലുള്ള ബന്ധം

‘ഐഫോണ്‍ ഒരു ജനനനിയന്ത്രണ ഉപാധിയാണോ? എ.ടി. ആന്‍ഡ് ടി (AT&T) യുടെ 2007-2011 കാലഘട്ടത്തിലെ കരിയര്‍ കുത്തകയില്‍ നിന്നുള്ള തെളിവുകള്‍’ എന്നാണ് ഈ പഠനത്തിന്റെ പേര്. 2007 മുതല്‍ 2011 വരെ അമേരിക്കയില്‍ ഐഫോണ്‍ വിതരണം ചെയ്യാനുള്ള എക്‌സ്‌ക്ലൂസീവ് അവകാശം ‘എ.ടി. ആന്‍ഡ് ടി’ എന്ന ടെലികോം കമ്പനിക്ക് മാത്രമായിരുന്നു എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഈ കമ്പനിയുടെ നെറ്റ്വര്‍ക്ക് കവറേജ് ഓരോ പ്രദേശത്തും വ്യത്യസ്തമായിരുന്നതിനാല്‍, ഐഫോണ്‍ സൗകര്യം കൂടുതലായി ലഭിച്ചയിടങ്ങളിലെയും കുറവായിരുന്നയിടങ്ങളിലെയും ജനനനിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഗവേഷകര്‍ക്ക് സാധിച്ചു.

ALSO READ: ഈദ് ദിനത്തില്‍ പൂര്‍ണ നഗ്നരാക്കി കെട്ടിയിട്ടു, നായ്ക്കളെ ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ഇസ്രായേല്‍ തവറകളിലെ ഞെട്ടിക്കുന്ന പീഡന മുറകള്‍

ഈ പഠനകാലയളവില്‍ 15-നും 44-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ജനനനിരക്കില്‍ സംഭവിച്ച കുറവിന്റെ പകുതിയോളത്തിന് കാരണം ഐഫോണിന്റെ വ്യാപനമാണെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികളിലും (15-19 പ്രായക്കാര്‍) 20-24 പ്രായപരിധിയിലുള്ള യുവാക്കളിലുമാണ് ഈ കുറവ് ഏറ്റവും പ്രകടമായി കണ്ടത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ പ്രായപരിധിയിലുള്ളവരില്‍ ജനനനിരക്ക് വലിയ തോതില്‍ കുറഞ്ഞുവരികയാണ്.

എന്തുകൊണ്ട് സ്മാര്‍ട്ട്ഫോണുകള്‍ ജനനനിരക്ക് കുറയ്ക്കുന്നു?

ഐഫോണ്‍ നേരിട്ട് ആളുകളെ കുട്ടികളുണ്ടാകുന്നതില്‍ നിന്ന് തടയുന്നു എന്നല്ല ഗവേഷകര്‍ വാദിക്കുന്നത്. പകരം, സ്മാര്‍ട്ട്ഫോണുകള്‍ മനുഷ്യരുടെ സമയവിനിയോഗത്തെയും പരസ്പരമുള്ള ആശയവിനിമയങ്ങളെയും പൂര്‍ണ്ണമായി മാറ്റിമറിച്ചു എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം കാരണം ആളുകള്‍ നേരിട്ട് കണ്ടുമുട്ടുന്നതും ഇടപഴകുന്നതും കുറഞ്ഞു, പോണ്‍ സൈറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു, ഒപ്പം ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് കുറഞ്ഞു തുടങ്ങിയ വിവരങ്ങള്‍ മുന്‍ സര്‍വേകളെ ഉദ്ധരിച്ച് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ അപ്രതീക്ഷിതമായ ഗര്‍ഭധാരണങ്ങളും ജനനങ്ങളും കുറയുന്നതിന് കാരണമായിട്ടുണ്ടാകാം.

ഈ പഠനത്തെക്കുറിച്ചുള്ള ‘ആക്‌സിയോസ്’ (Axios) റിപ്പോര്‍ട്ട് അനുസരിച്ച്, 2007-ല്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ട അതേ കാലയളവിലാണ് അമേരിക്കയില്‍ ജനനനിരക്ക് കുത്തനെ കുറയാന്‍ തുടങ്ങിയത്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കരകയറിയതിന് ശേഷവും ഈ നിരക്ക് താഴേക്ക് തന്നെയാണ് പോയത് എന്നതും സ്മാര്‍ട്ട്‌ഫോണ്‍ സ്വാധീനമെന്ന ഈ കണ്ടെത്തലിനെ ബലപ്പെടുത്തുന്നു.