10
Jun 2026
Wed
10 Jun 2026 Wed
trinamool to congress

തൃണമൂല്‍ കോണ്‍ഗ്രസിനെ (TMC) തകര്‍ച്ചയുടെ വക്കിലെത്തിച്ച വന്‍ ആഭ്യന്തര കലാപത്തിന് പിന്നാലെ, ഇന്ത്യ സഖ്യകക്ഷിയായ മമത ബാനര്‍ജിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തിറങ്ങിയതായി സൂചന. ടി.എം.സി അധ്യക്ഷ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്കെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ആരംഭിച്ചതായി ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ മമത ബാനര്‍ജിയുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ലയന വ്യവസ്ഥകള്‍ പ്രകാരം മമത ബാനര്‍ജിക്ക് കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും, മകന്‍ അഭിഷേക് ബാനര്‍ജിക്ക് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തതായാണ് വിവരം.

എന്നാല്‍, ലയനമല്ല ചര്‍ച്ചകളുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസുമായി കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുകയും ബിജെപിയുടെ കുതിരക്കച്ചവട രാഷ്ട്രീയത്തെ നേരിടുകയുമാണ് ഉദ്ദേശിക്കുന്നതെന്ന് മമതയുടമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ലോക്സഭയിലെ 29 എംപിമാരില്‍ 20 പേരും മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ ഡോ. കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തില്‍ വിമത പക്ഷം രൂപീകരിച്ച് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടി.എം.സിയില്‍ അഭൂതപൂര്‍വമായ പ്രതിസന്ധി ഉടലെടുത്തത്. ഇതിന് പിന്നാലെ പശ്ചിമ ബംഗാള്‍ നിയമസഭയിലെ 60 ഓളം വരുന്ന എംഎല്‍എമാര്‍ ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ വിമത വിഭാഗമായി മാറിയതും പാര്‍ട്ടിയിലെ വിള്ളല്‍ രൂക്ഷമാക്കി.

തൃണമൂലിലെ മമതാ പക്ഷത്തെ പാര്‍ട്ടിയിലേക്ക് സ്വാംശീകരിക്കുന്നതിലൂടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും തങ്ങളുടെ അംഗബലം പെട്ടെന്ന് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നത് കോണ്‍ഗ്രസിനും രാഷ്ട്രീയമായി വലിയ നേട്ടമാകും.

മമതയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം സാധ്യമാണോ?

വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച മമത ബാനര്‍ജി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര പരിഷത്തിലൂടെയാണ് ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമായത്. 1991-ല്‍ പി.വി. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര മാനവവിഭവശേഷി, കായിക-യുവജനക്ഷേമം, വനിതാ ശിശുവികസന വകുപ്പ് മന്ത്രിയായും മമത സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998-ല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് മമത തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്.

നിലവിലെ ലയന ചര്‍ച്ചകളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡോ മമത ബാനര്‍ജിയുടെ അടുത്ത വൃത്തങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഡല്‍ഹിയില്‍ തങ്ങുന്ന മമത കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് തവണ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനായി ഒരു ദേശീയ കക്ഷിയുമായുള്ള ലയനം മമത ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃണമൂലിലെ വന്‍ പ്രതിസന്ധിയും രാജികളും

ബംഗാള്‍ നിയമസഭയിലും പാര്‍ലമെന്റിലും ഒരേസമയം ഉണ്ടായ അട്ടിമറി ടി.എം.സിയെ രണ്ട് വ്യത്യസ്ത ദിശകളിലേക്ക് നയിക്കുകയാണ്. ജൂണ്‍ 3-ന് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 58 എംഎല്‍എമാര്‍ സ്പീക്കര്‍ രതീന്ദ്ര ബോസില്‍ നിന്ന് ‘പ്രതിപക്ഷ ഗ്രൂപ്പ്’ ആയി ഔദ്യോഗിക അംഗീകാരം നേടി. ബിജെപിയോട് വിട്ടുവീഴ്ചയില്ലാത്ത ബംഗാളിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രതിപക്ഷമായിരിക്കുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാല്‍, ഇതിന് പിന്നാലെ ഡല്‍ഹിയില്‍ ഡോ. കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള 20 ലോക്സഭാ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് തങ്ങള്‍ എന്‍ഡിഎ സഖ്യത്തോടൊപ്പം ചേരുകയാണെന്ന് അറിയിച്ചു. ഒരേ പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ബിജെപി വിരുദ്ധ നിലപാടും, കേന്ദ്ര ഘടകം ബിജെപി അനുകൂല നിലപാടും സ്വീകരിക്കുന്ന അത്യപൂര്‍വ്വ പ്രതിസന്ധിയാണ് ടി.എം.സിയില്‍ ഉണ്ടായിരിക്കുന്നത്.

അതിനിടെ, മുതിര്‍ന്ന നേതാവായ സുസ്മിത ദേവ് ബുധനാഴ്ച രാജ്യസഭാംഗത്വം രാജിുവെച്ചു. ഇതേദിവസം തന്നെ അഭിഷേക് ബാനര്‍ജി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. താന്‍ ടി.എം.സി വിട്ടതായും ഒരേസമയം രണ്ട് വള്ളത്തില്‍ കാല്‍വെക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് രാജിയെന്നും സുസ്മിത ദേവ് വ്യക്തമാക്കി. മറ്റൊരു പ്രമുഖ ലോക്സഭാംഗമായ സായോനി ഘോഷും വിമത ക്യാമ്പുമായി ചര്‍ച്ചയിലാണെന്നാണ് സൂചന.

നിലവില്‍ മമതയ്ക്കൊപ്പം അവശേഷിക്കുന്ന 20 ഓളം എംഎല്‍എമാരും എട്ട് എംപിമാരും കോണ്‍ഗ്രസ്, ഇടത് പശ്ചാത്തലമുള്ളവരും ബിജെപി വിരുദ്ധ രാഷ്ട്രീയമുള്ളവരുമാണ്. താല്‍ക്കാലികമായി ഇവര്‍ മമതയ്ക്കൊപ്പം നില്‍ക്കുമെങ്കിലും വരും ദിവസങ്ങളില്‍ ഇവരും നിലപാട് മാറ്റിയേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Rahul Gandhi meets Abhishek Banerjee amid TMC rebellion and INDIA bloc outreach