ഷാംലി (ഉത്തര്‍പ്രദേശ്): കുടുംബസ്വത്ത് കൈക്കലാക്കാനായി യുവാവിനെ ബ്രെയിന്‍വാഷ് ചെയ്ത് മതം മാറ്റിയെന്ന പരാതിയില്‍ ജിം ട്രെയിനറായ യുവതിയും പിതാവും ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായി. ഷാംലി സ്വദേശിയായ ജിം ട്രെയിനര്‍ ചാന്ദ്‌നി ഖുറേഷി, പിതാവ് ഇസ്ലാം ഖുറേഷി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ തന്റെ മകന്‍ ആയുഷിനെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്നും, ഷോറൂമുകള്‍ അടക്കമുള്ള തങ്ങളുടെ കോടികള്‍ വിലവരുന്ന കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമാണ് ആയുഷിന്റെ പിതാവിന്റെ പരാതി.
|
എന്നാല്‍, പിതാവിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി യുവാവ് രംഗത്തെത്തി. നാല് വര്‍ഷം മുന്‍പ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതും രഹസ്യമായി നികാഹ് (വിവാഹം) ചെയ്തതും ആരുടെയും നിര്‍ബന്ധപ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആയുഷ് വ്യക്തമാക്കി. ”താന്‍ വര്‍ഷങ്ങളായി ഇസ്ലാമിനെ കുറിച്ച് പഠിച്ച് വരികയായിരുന്നു. ഒരു ദിവസം പെട്ടെന്ന് മതംമാറിയതല്ല. മതംമാറ്റത്തിന് ആരുടെയും പ്രേരണയില്ല. പിതാവിന്റെ ആരോപണം തന്റെ മതം മാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ട് മാത്രമാണ്. തനിക്ക് പിതാവിന്റെ സ്വത്തുക്കളൊന്നും ആവശ്യമില്ല”- യുവാവ് പറഞ്ഞു.
കേസും പ്രത്യേക അന്വേഷണവും
യുപിയിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ജൂണ്‍ 6-നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മറ്റ് തെളിവുകളെക്കുറിച്ചും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ട്. അന്തര്‍ദേശീയ ബന്ധങ്ങളോ മറ്റ് സ്വാധീനങ്ങളോ ഈ കേസിന് പിന്നിലുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.
എസ്പിയുടെ നുണ പൊളിഞ്ഞു
Shamli, Uttar Pradesh : After allegations of forced conversion, Love Jihad, Marriage were widely reported, Ayush Malik has now stated that his decision was voluntary and that no one forced or influenced him.
Reported by @RaiSandeepTOI pic.twitter.com/ZDW1XMO8Ki— Mohammed Zubair (@zoo_bear) June 8, 2026
കേസുമായി ബന്ധപ്പെട്ട് ഷാംലി എസ്പി ‘ആജ് തക്’ വാര്‍ത്താ ചാനലിന് നല്‍കിയ വീഡിയോ പ്രതികരണത്തില്‍ ഒരു സുപ്രധാന പരാമര്‍ശം നടത്തിയിരുന്നു. ആയുഷ് മാലിക് ഇപ്പോഴും പാകിസ്ഥാനിലെ പ്രമുഖ മതപണ്ഡിതനായ ഡോ. ഇസ്രാര്‍ അഹമ്മദുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടാകാം എന്നായിരുന്നു എസ്പിയുടെ പ്രസ്താവന. എന്നാല്‍, ഡോ. ഇസ്രാര്‍ അഹമ്മദ് 2010-ല്‍ തന്നെ അന്തരിച്ച വ്യക്തിയാണെന്നിരിക്കെ, യുപി പൊലീസിന്റെ ഈ പ്രസ്താവന വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.
ആയുഷ് മാലികിന്റെ വീഡിയോകള്‍ താന്‍ യൂട്യൂബില്‍ കാണാറുണ്ടെന്ന് യുവാവ് സമ്മതിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു പോലീസിന്റെ നുണ പ്രചാരണം.
‘ലവ് ജിഹാദ്’ ആരോപണം: തള്ളി യുവാവ്
സംഭവത്തിന് പിന്നില്‍ ‘ലവ് ജിഹാദ്’ ആണെന്നും നിര്‍ബന്ധിത വിവാഹമാണെന്നും മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ആയുഷ് മാലിക് തന്നെ നേരിട്ടെത്തിയത്.
വര്‍ഷങ്ങളായി ഇസ്ലാമിനെക്കുറിച്ച് പഠിച്ച ശേഷമാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും, നിലവില്‍ കൃത്യമായി പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ടെന്നും യുവാവ് പറഞ്ഞു. പ്രണയത്തിന്റെ പുറത്തല്ല താന്‍ വിവാഹം കഴിച്ചതെന്നും ഇതില്‍ ആരുടെയും പ്രേരണയോ സമ്മര്‍ദ്ദമോ ഇല്ലെന്നും ആയുഷ് വ്യക്തമാക്കിയതോടെ കേസ് പുതിയ തിരിവിലേക്ക് എത്തിയിരിക്കുകയാണ്. വിഷയം പ്രദേശത്ത് വലിയ രീതിയിലുള്ള വിഭാഗീയതയ്ക്കും പൊതുചര്‍ച്ചകള്‍ക്കും കാരണമായിട്ടുണ്ട്.
സംഭവത്തില്‍ വലിയ രീതിയിലുള്ള വ്യാജ പ്രചാരണവുമായി സംഘപരിവാരം രംഗത്തെത്തിയിട്ടുണ്ട്. ജിം ജിഹാദെന്ന പുതിയ ആഖ്യാനം തന്നെ ഇതുമായി ബന്ധപ്പെട്ട് സംഘപരിവാരം ചമച്ചെടുത്തിരുന്നു. എന്നാല്‍, യുവാവ് വിശദീകരണവുമായി രംഗത്തെത്തിയതോടെ ആയുഷ് മാലികിനെ ബ്രെയിന്‍ വാഷ് ചെയ്തതാണെന്ന് പറഞ്ഞ് തടിയൂരാനാണ് ഇപ്പോഴത്തെ ശ്രമം.
Ayush Malik Defends Voluntary Conversion to Islam Amid Family Property Dispute


