27
Jun 2026
Sun
27 Jun 2026 Sun
lpg price hike

Domestic LPG Price ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക (LPG) വില സിലിണ്ടറിന് 29 രൂപ വര്‍ദ്ധിപ്പിച്ചു. ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും വിലക്കയറ്റവും കാരണം പറഞ്ഞ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വരുത്തുന്ന രണ്ടാമത്തെ വിലവര്‍ദ്ധനവാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ വിലവര്‍ധനവോടെ കേരളത്തില്‍ ഒരു എല്‍പിജി സിലിണ്ടറിന്റെ വില 951 രൂപയും കടന്ന് കുതിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക എല്‍പിജി വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നത്. വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ സിലിണ്ടര്‍ നിരക്ക് 951 രൂപയ്ക്ക് മുകളിലാണ് എത്തിനില്‍ക്കുന്നത്. പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

പശ്ചിമേഷ്യന്‍ മേഖലയിലെ (മിഡില്‍ ഈസ്റ്റ്) സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുകയും അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 7-ന് സിലിണ്ടറിന് 60 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില ഉയര്‍ത്തിയിരിക്കുന്നത്.

ALSO READ: ‘ഇനി അഥവാ ബിരിയാണി കൊടുത്താലോ?…’ ജെന്‍സി ട്രോളുകളിലെ താരമായ സലിം കുമാര്‍

കഴിഞ്ഞ കുറച്ചു നാളുകളായി വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ വ്യത്യാസം വന്നിരുന്നെങ്കിലും ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെ തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തുടര്‍ച്ചയായി രണ്ട് തവണ വില വര്‍ദ്ധിപ്പിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകരുകയാണ്. ഹോട്ടല്‍ ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ വീടുകളിലെ പാചകച്ചെലവും വര്‍ദ്ധിച്ചത് കുടുംബങ്ങളുടെ താളെ തെറ്റിക്കുന്നതാണ്.

എന്നാല്‍, ഗാര്‍ഹിക എല്‍.പി.ജി വില്‍പ്പനയിലൂടെ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഭാഗികമായി നികത്താന്‍ മാത്രമേ ഈ വിലവര്‍ദ്ധനവ് ഉപകരിക്കൂ എന്നാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ വില പുതുക്കലിന് മുന്‍പ് വരെ, വില്‍ക്കുന്ന ഓരോ സിലിണ്ടറിലും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ഏകദേശം 703 രൂപയുടെ നഷ്ടം ഉണ്ടായിരുന്നതായാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ കടുംവെട്ടിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മറ്റ് ഇന്ധനവിലകളും ഉയരുന്നു

എല്‍.പി.ജിക്ക് പുറമെ മറ്റ് ഇന്ധനവിലകളിലും വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് ആകെ 7.50 രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സി.എന്‍.ജി (CNG) വില കിലോഗ്രാമിന് 6 രൂപയോളമാണ് ഉയര്‍ന്നത്.

വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും പെട്രോളും ഡീസലും അടക്കമുള്ളവ യഥാര്‍ത്ഥ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 11 രൂപയും ഡീസലിന് ലിറ്ററിന് 33.6 രൂപയും വീതം കമ്പനികള്‍ക്ക് നഷ്ടം നേരിടുന്നുണ്ടെന്നാണ് പറയുന്നത്.

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ദ്ധന

രാജ്യത്ത് പാചകവാതക വില ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് വര്‍ദ്ധിപ്പിച്ചിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. കേരളത്തില്‍ 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരുസിലിണ്ടറിന് 3131 രൂപയായിരുന്നു. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വര്‍ധനവാണ് അന്നുണ്ടായത്.

അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി(എഫ്ടിഎല്‍) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വര്‍ധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡല്‍ഹിയിലെ വില 821.50 രൂപയായി മാറിയിരുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധിയും രാജ്യാന്തര വിപണിയിലെ വിതരണ തടസ്സങ്ങളുമാണ് വില കുത്തനെ കൂടാന്‍ കാരണമായി എണ്ണ കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫെബ്രുവരിയില്‍ 49 രൂപയും, മാര്‍ച്ചില്‍ 115 രൂപയും വര്‍ദ്ധിച്ച എല്‍പിജി നിരക്ക്, ഏപ്രില്‍-മേയ് മാസങ്ങളിലായി 993 രൂപയുടെ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. ഇതിന് പിന്നാലെ ഹോട്ടലുകള്‍ അടച്ചിടുകയും, ഭക്ഷണങ്ങളുടെ വില വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇറാന്‍-യുഎസ് തര്‍ക്കങ്ങളും ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സങ്ങളും കാരണം ആഗോളതലത്തില്‍ എല്‍പിജി ഇറക്കുമതി ചെലവ് കൂടിയതാണ് ഇന്ത്യയിലും വില പ്രതിഫലിക്കാന്‍ കാരണം.

Domestic LPG Prices Raised By Rs 29

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക