15
Jun 2026
Tue
15 Jun 2026 Tue
Markandey Katju

ന്യൂഡല്‍ഹി: ഇന്ത്യ നേരിടുന്ന പുതിയ വെല്ലുവിളികള്‍ നേരിടാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി ‘ഇഷ്‌ക് കരോ പാര്‍ട്ടി’ പ്രഖ്യാപിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. യുദ്ധമല്ല, സ്‌നേഹമാണ് വേണ്ടതെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ച് ജസ്റ്റിസ് കട്ജു തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റിട്ടു. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് (സി.ജെ.പി.) പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി പുതിയ മുന്നേറ്റത്തിന്റെ പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാര്‍ട്ടിയുടെ രക്ഷാധികാരിയാണ് താനെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇഷ്‌ക് പാര്‍ട്ടിയെ സംശയിക്കുന്നവരോട് സ്‌നേഹം നിര്‍മിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ജസ്റ്റിസ് കട്ജുവിന്റെ മറുപടി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവാ മൊയ്ത്രയെ അദ്ദേഹം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു.

ALSO READ: വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി കുറച്ചു

അമേരിക്കയിലെ ന്യൂജഴ്സിയില്‍ ജോലിചെയ്യുന്ന ഇര്‍ഫാന്‍ അലിയാണ് ഇഷ്‌ക് പാര്‍ട്ടിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ വെബ്സൈറ്റും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇഷ്‌ക് പാര്‍ട്ടിയെ തമാശയായും വാലന്റൈന്‍സ് ദിന പരിപാടി പോലെയുമൊക്കെ ചിലര്‍ തെറ്റിദ്ധരിച്ചുവെച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ പ്രശ്‌നങ്ങളെ നേരിടാനുള്ളൊരു വഴിയാണ് മുന്നേറ്റം. ജനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനാണിത്. ജാതിമതവര്‍ഗഭേദമന്യേ എല്ലാവരും ഒന്നിച്ചുനിന്നെങ്കില്‍മാത്രമേ ജനസമരം നയിക്കാനാകൂ -പാര്‍ട്ടിയുടെ ലക്ഷ്യമായി ജസ്റ്റിസ് കട്ജു കുറിച്ചു. പാര്‍ട്ടിക്ക് വേറേ പേരിട്ടുകൂടേയെന്ന് ചിലര്‍ ചോദിച്ചെങ്കിലും പേരുമാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.ജെ.പി.യുടെ കടുത്ത വിമര്‍ശകനായ ജസ്റ്റിസ് കട്ജു യുവജനങ്ങളോട് ഇഷ്‌ക് പാര്‍ട്ടിയില്‍ ചേരാന്‍ അഭ്യര്‍ഥിച്ചു. സി.ജെ.പി.ക്കൊപ്പം ജന്തര്‍മന്തറിലെ സമരത്തിനു പോയവരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. രാജ്യംമുഴുവന്‍ ചോര്‍ച്ചയാണെങ്കിലും ചോദ്യച്ചോര്‍ച്ച മാത്രമാണ് സി.ജെ.പി.യുടെ വിഷയമെന്ന് ജസ്റ്റിസ് കട്ജു വിമര്‍ശിച്ചു.

Justice Markandey Katju launches ‘Ishq Karo Party’