13
Jun 2026
Sun
13 Jun 2026 Sun
couples arrested for killing college proffessor after travelling 1400 km

കോടികള്‍ വിലമതിക്കുന്ന വീട് സ്വന്തമാക്കാന്‍ 1400 കിലോമീറ്റര്‍ സഞ്ചരിച്ചെത്തി യൂനിവേഴ്‌സിറ്റി പ്രഫസറെ കൊന്ന് കടന്നുകളഞ്ഞ ദമ്പതികളെ പിടികൂടി പോലീസ്. ഡല്‍ഹി യൂനിവേഴ്‌സി പ്രഫസര്‍ ദേബോസ്മിത പോള്‍ ആണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ഡല്‍ഹിയിലെ വസുന്ദര എന്‍ക്ലേവിലെ സത്യം അപ്പാര്‍ട്ട്‌മെന്റിലാണ് പ്രഫസറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പശ്ചിമബംഗാളില്‍ നിന്നാണ് രാംപ്രസാദ് ദാസ്, ഭാര്യ ബന്‍ശ്രീ ദാസ് എന്നിവര്‍ പിടിയിലായത്. ദമ്പതികളുടെ പ്രായപൂര്‍ത്തിയാവാത്ത മകനെയും പോലീസ് കസ്റ്റഡിലിയെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് ദേബോസ്മിത പോള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ദേബോസ്മിതയെ കൊല്ലാനായി എത്തിയ ദമ്പതികള്‍ സംശയം തോന്നാതിരിക്കാന്‍ മകനെയും ഒപ്പംകൂട്ടുകയായിരുന്നു. സ്വകാര്യ കാറിലായിരുന്നു ദമ്പതികള്‍ ഇവിടെ വന്നത്. മാസ്‌ക് ധരിച്ച് ഇരുവരും ദോബോസ്മിതയുടെ ആറാം നിലയിലെ ഫ്‌ളാറ്റിലേക്ക് പടികയറിപ്പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ഇവരുടെ കൈയില്‍ ഏതാനും ബാഗുകളും ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട്പ്രഫസറെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ വസ്ത്രം മാറുകയും കാറില്‍ കയറി തിരികെ പോവുകയും ചെയ്തു. ഈ കാറിന്റെ ഡ്രൈവറെയും പോലീസ് പിടികൂടി ചോദ്യം ചെയ്തു.

കൊലപാതകവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് നാല് സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തുകയും നൂറുകണക്കിന് പേരെ ചോദ്യം ചെയ്യുകയു ചെയ്തിരുന്നു. പ്രഫസര്‍ക്ക് പശ്ചിമബംഗാളില്‍ അനന്തരസ്വത്തായി ലഭിച്ച കോടികള്‍ വിലമതിക്കുന്ന വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ദമ്പതികള്‍. ഇവര്‍ ഈ വീട് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും വീട് ഒഴിയാനാണ് പ്രഫസര്‍ ആവശ്യപ്പെട്ടത്. ഇതോടെ പ്രഫസറെ കൊന്ന് വീട് സ്വന്തമാക്കാന്‍ പ്രതികള്‍ തീരുമാനിക്കുകയും ഡല്‍ഹിയിലെത്തി കൊലപാതകം നടത്തി കടന്നുകളയുകയുമായിരുന്നു.

ALSO READ: നടന്‍ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി