വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം നടപ്പാക്കാനുള്ള പിഎം ശ്രീ പദ്ധതിയില്‍ ഒളിച്ച് കളി നടത്തുന്ന വിഡി സതീശന്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി സമസ്ത മുഖപത്രം. കേരളത്തില്‍ ഭരണമാറ്റത്തോടെ, കൂടുതല്‍ സുതാര്യതയോടും ആശയവ്യക്തതയോടുംകൂടി ഇടപെടുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ മനസില്‍ കണ്ടതെന്നും എന്നാല്‍, ആ വിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പുകളാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യദിനങ്ങളിലുണ്ടായതെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ടെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.
|
ജനായത്ത സമ്പ്രദായത്തിന്റെ മുഖമുദ്ര സുതാര്യതയാണ്. തെളിച്ചമുള്ള നിലപാടും വിട്ടുവീഴ്ചയില്ലാത്ത ആശയദൃഢതയുമുള്ള ജനനായകരാണ് ജനാധിപത്യത്തെ കൂടുതല്‍ പ്രശോഭിതമാക്കുന്നത്. വാക്കും നിലപാടും സൂക്ഷ്മതയോടെ പാലിക്കാനുള്ളതാണെന്ന് ഭരണത്തിലുള്ളവര്‍ നിരന്തരം ഓര്‍മിക്കുമ്പോഴാണ് ഒരു ഭരണകൂടം കൂടുതല്‍ ജാഗ്രത്തും ജനകീയവുമാവുന്നത്. കേരളത്തില്‍ ഭരണമാറ്റത്തോടെ, കൂടുതല്‍ സുതാര്യതയോടും ആശയവ്യക്തതയോടുംകൂടി ഇടപെടുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ മനസില്‍ കണ്ടത്. എന്നാല്‍, ആ വിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പുകളാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യദിനങ്ങളിലുണ്ടായതെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.
കേരളത്തിന്റെ പൊതുമനസ് വിലക്കിയ പി.എം ശ്രീ പോലുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് വ്യക്തതയില്ലാത്ത നിലപാടുകളാണ്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നിലവില്‍വന്ന സര്‍ക്കാരുകളോട് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ഭരണതലത്തിലെ അവ്യക്തത സംശയം ജനിപ്പിക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതും നിയമപരമായി അവകാശപ്പെട്ടതുമായ കേന്ദ്രവിഹിതം നല്‍കണമെങ്കില്‍ പി.എം ശ്രീ നടപ്പാക്കണമെന്ന തിട്ടൂരമാണ് ബി.ജെ.പി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനവിഹിതം തടയാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് തമിഴ്നാട് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതിനുശേഷവും കേന്ദ്രം സമ്മര്‍ദതന്ത്രം പയറ്റുകയാണ്. ബി.ജെ.പി ഭരിക്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കരാറില്‍ ഒപ്പുവച്ചു. തമിഴ്നാട്ടില്‍ മുന്‍ സര്‍ക്കാര്‍ നിലപാട് പിന്തുടരുകയാണ് വിജയ് സര്‍ക്കാര്‍. എന്നാല്‍, കേരളത്തിലാവട്ടെ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടശേഷം മരവിപ്പിച്ച കരാറുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികളില്‍ വ്യക്തമായ നിലപാട് പറയാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുന്നില്ല.
അധികാരത്തിലെത്തിയാല്‍ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചവരില്‍നിന്നാണ് ഇത്തരം സമീപനമുണ്ടാവുന്നത്.
പി.എം ശ്രീ മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല്ലും നഖവും ഉപയോഗിച്ച് ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തിയുക്തം എതിര്‍ത്ത പല കാര്യങ്ങളും നടപ്പാക്കാനുള്ള വ്യഗ്രത എന്തിനാണെന്നു സുപ്രഭാതം ചോദിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലോ ധവള പത്രത്തിലോ കേന്ദ്ര സര്‍ക്കാരിനെതിരേ ഒരു വരി പോലുമില്ലെന്നത് അതിശയകരമാണെന്ന് സുപ്രഭാതം പറയുന്നു.
നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രത്തിലോ ഒരു വരിയില്‍പോലും കേന്ദ്രവിമര്‍ശനം വരാതിരിക്കാനുള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചു? ഈ ആശങ്കക്ക് ഒരു ഭാഗത്തുനിന്നും ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ മറുപടിയുണ്ടായില്ല. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം ഉള്‍പ്പെടെ കേന്ദ്രം തടഞ്ഞുവെക്കുന്നതായ പരാതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷംകൂടി ഉന്നയിച്ച വിഷയമാണ്. ഭരണം മാറിയിട്ടും കേന്ദ്ര നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കെ, നയപ്രഖ്യാപനത്തില്‍ അതേക്കുറിച്ച് പരാമര്‍ശിക്കാത്തത് കേവലം ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്ന ന്യായീകരണത്തില്‍ ഒതുങ്ങുന്നതാണോ.
ഗവര്‍ണര്‍, വിസമ്മതിച്ചാലും നിയമസഭയില്‍ അക്കാര്യത്തെക്കുറിച്ച് ഒരുവരി പ്രസ്താവനപേലും നടത്താന്‍ സതീശന്‍ സര്‍ക്കാര്‍ മടിച്ചത് ഏവരെയും അമ്പരപ്പിച്ചതാണ്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരേ ഒരുപ്രമേയംപോലും നിയമസഭയില്‍ വന്നില്ല. ഇതൊന്നിനും സമയമായില്ല എന്നതാണ് വിശദീകരണമെങ്കില്‍, മറ്റുപല കാര്യങ്ങളിലും കാട്ടുന്ന തിടുക്കത്തെ എന്തുപറഞ്ഞ് ന്യായീകരിക്കും. ഗവര്‍ണറുടെ അമിതാധികാര പ്രവണത എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നില്ല. സര്‍വകലാശാലകളെ പിടിയിലൊതുക്കാനുള്ള ആര്‍.എസ്.എസ് അജന്‍ഡകള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞു മനസിലാക്കേണ്ടതുണ്ടോ. ഗവര്‍ണര്‍ സ്വന്തം നിലക്ക് സര്‍വകലാശാലകളുടെ ഭരണവും നിയമനങ്ങളും നടത്തുന്ന നടപടിയെ ശക്തമായി എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് ഭരണനേതൃത്വം മടികാണിക്കുന്നത്.
കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ജനവിശ്വാസവുമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റത്. അവിടെ കാണാച്ചരടുകളുള്ള കരാറുകളിലേര്‍പ്പെടുന്നത് കേരളത്തിന് വലിയ അപകടം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
സുതാര്യതയാവണം ഭരണകൂടത്തിന്റെ മുഖവിലാസം. അതല്ലെങ്കില്‍, ഒളിക്കാനുണ്ടെന്ന് ജനം വിലയിരുത്തും. തങ്ങള്‍ ജയിച്ചതിനേക്കാള്‍ എതിരാളികള്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് മനസിരുത്തി പഠിച്ചാല്‍ മേലിലെങ്കിലും പിഴവുകള്‍ തിരുത്താനാകും. എല്ലാകാലത്തും എല്ലാവരെയും കബളിപ്പിക്കാന്‍ ആവില്ലെന്ന സാമാന്യ തത്വം ഭരിക്കുന്നവര്‍ മറക്കരുത്. ഓരോ ഭരണാധികാരിയുടെയും കസേരകള്‍ അവിടെ ഇരുത്തിയവരുടേതുകൂടിയാണെന്നും സമസ്ത മുഖപത്രം ഓര്‍മിപ്പിച്ചു.


