13
Jun 2026
Sat
13 Jun 2026 Sat
advocate kb preadeep kumar

കൊച്ചി: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിക്കപ്പെട്ട കെബി പ്രദീപ് രാജിവയ്ക്കും.  കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു.  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്നു പ്രദീപിന്റെ നിയമനം വന്‍ വിവാദമായിരുന്നു. സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കി പ്രദീപിനെ നിയമിച്ച തീരുമാനം സംശയ മുനയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരൻ വിഷത്തിൽ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കെ ബി പ്രദീപിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് കെ ബി പ്രദീപായിരുന്നു. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്മേല്‍ ദേവസ്വം ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലായിരുന്നു പ്രദീപ് സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹാജരായത്. അന്വേഷണത്തിന് എസ്ഐടിയെ നിയോഗിച്ചതോടെ ഹര്‍ജിയില്‍ നിന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും ഉണ്ണികൃഷ്ണന്‍ പോറ്റിയെയും അഭിഭാഷകനെയും ഹൈക്കോടതി ഒഴിവാക്കുകയായിരുന്നു. എസ്ഐടിയുടെ രേഖകള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനും അഭിഭാഷകനും ലഭിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഹൈക്കോടതിയുടെ ഈ നടപടി. തുടര്‍ന്ന് ദേവസ്വം വകുപ്പിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരെ മാത്രം ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി ദേവസ്വം ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

ഈ നിലയില്‍ രേഖകള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കിയ അഭിഭാഷകനെയാണ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി ഇപ്പോള്‍ ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചത്. നിയമനത്തോടെ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട എസ്ഐടി രേഖകള്‍ ലഭിക്കാന്‍ സ്പെഷല്‍ ജിപിയായ കെബി പ്രദീപിന് മുന്നില്‍ തടസങ്ങളില്ല. സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നാലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പരസ്യമായി ന്യായീകരിച്ച അഭിഭാഷകനെത്തന്നെ ദേവസ്വം ബോര്‍ഡിന് വേണ്ടി നിയോഗിക്കുമ്പോള്‍ താല്‍പര്യങ്ങളിലെ വൈരുദ്ധ്യം പ്രകടമാണ്.

2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് നേരത്തെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പരിഗണിച്ച കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ നിലയില്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ സംശയമുനയിലുഉ്‌ള സ്മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകനെ തന്നെ പ്രത്യേക പദവി നല്‍കി ദേവസ്വം ബോര്‍ഡ് നിയമിച്ചതിലാണ് നിഗൂഢത നിറയുന്നത്.

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കപ്പെട്ട ബെന്നി തോമസിന് നേരത്തേ രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പാര്‍ട്ടിയില്‍ പോലും ആലോചിക്കാതെയുള്ള നിയമനങ്ങളും രാജിയും യുഎഡിഎഫിനെ തുടക്കത്തില്‍ തന്നെ ഉലയ്ക്കുകയാണ്.