20
Jun 2026
Thu
20 Jun 2026 Thu
BIHAR GANG RAPE

ബേഗുസരായ്: ബീഹാറിലെ ബേഗുസരായിയില്‍ ക്രൂരതയുടെ എല്ലാ അതിരുകളും ലംഘിച്ച് അഞ്ചംഗ സംഘം സ്ത്രീയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആക്രമണത്തിന് ശേഷം കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിയുടെ രഹസ്യഭാഗങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പൊട്ടാത്ത വെടിയുണ്ടയും കല്ലും മരക്കഷ്ണവും പുറത്തെടുത്തു. യുവതി നേരിട്ട അതിക്രൂരമായ പീഡനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 11-ന് രാത്രി 11.30 ഓടെ ചാകിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. യുവതി ശുചിമുറിയില്‍ പോയ സമയത്ത് അഞ്ചംഗ സായുധ സംഘം വീട്ടില്‍ അതിക്രമിച്ചു കയറുകയും ഭര്‍ത്താവിനെ മുറിക്കുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു. പുറത്തിറങ്ങിയ യുവതിയുടെ വായ മൂടിക്കെട്ടിയ സംഘം വീടിന് വെളിയിലുള്ള വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. യുവതി ബഹളം വെക്കാന്‍ ശ്രമിച്ചതോടെ അക്രമികള്‍ ബ്ലേഡ് ഉപയോഗിച്ച് മാറിടത്തിലും തുടയിലും വരഞ്ഞു മുറിവേല്‍പ്പിച്ചു.

ക്രൂരമായ പീഡനത്തെ തുടര്‍ന്ന് യുവതി ബോധരഹിതയായിരുന്നു. പിന്നീട് ബോധം വീണപ്പോള്‍ ഇവര്‍ തന്റെ അനിയത്തിയെ വിവരമറിയിക്കുകയും, അനിയത്തി എത്തിയാണ് മുറിയില്‍ പൂട്ടിയിട്ടിരുന്ന ഭര്‍ത്താവിനെ പുറത്തിറക്കിയതും പോലീസിനെ വിവരമറിയിച്ചതും. പോലീസ് നിര്‍ദ്ദേശപ്രകാരം ആദ്യം ബറൗണി ആശുപത്രിയിലും പിന്നീട് സദര്‍ ജില്ലാ ആശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രഹസ്യഭാഗങ്ങളില്‍ കടുത്ത വേദന തുടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നുള്ള വിദഗ്ദ്ധ പരിശോധനയിലാണ് രഹസ്യഭാഗങ്ങളില്‍ നിന്നും വെടിയുണ്ടയും കല്ലും മരക്കഷ്ണവും കണ്ടെത്തിയത്. അക്രമികള്‍ ക്രൂരതയ്ക്കിടെ ഇവ ഉള്ളിലേക്ക് തള്ളിക്കയറ്റിയതാകാം എന്നാണ് നിഗമനം. ബോധരഹിതയായതിനാല്‍ തനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു.

ALSO READ: ജാര്‍ഖണ്ഡില്‍ ഇന്ത്യാ സഖ്യത്തില്‍ ക്രോസ് വോട്ടിംഗ്; ബിജെപി പിന്തുണച്ച സ്ഥാനാര്‍ത്ഥിക്ക് രാജ്യസഭയിലേക്ക് വിജയം

മൂന്ന് മാസം മുന്‍പും സമാനമായ രീതിയില്‍ മൂന്നംഗ ക്രിമിനല്‍ സംഘം തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പണവും സ്വര്‍ണ്ണവും കവര്‍ന്നതായും അന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും യുവതി ആരോപിച്ചു.

സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിഎസ്പി ആനന്ദ് കുമാര്‍ പാണ്ഡെ അറിയിച്ചു. യുവതിയുടെ മൊഴി സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ലൈംഗിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും രഹസ്യഭാഗത്ത് നിന്നും വെടിയുണ്ട കണ്ടെടുത്തതായും അദ്ദേഹം സ്ഥിരീകരിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മുന്‍പ് പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിഎസ്പി ഉറപ്പ് നല്‍കി.

Bihar Horror: Woman Gang-Raped, Bullet Inserted In Private Parts