ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന നിയസമഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ സജീവമായി രംഗത്തിറങ്ങും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഉത്തര്‍പ്രദേശില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ തീരുമാനിച്ചതായി പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
|
മീററ്റിലെ കിത്തോറില്‍ നടന്ന പാര്‍ട്ടിയുടെ ലീഡേഴ്സ് മീറ്റിലും സംസ്ഥാന പ്രവര്‍ത്തക സമിതി (എസ്.ഡബ്ല്യു.സി) യോഗത്തിലുമാണ് ഈ തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ നേതാക്കള്‍ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുപ്പ് റോഡ്മാപ്പ്, പ്രചാരണ തന്ത്രങ്ങള്‍, സംഘടനാ വ്യാപനം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
എസ്ഡിപിഐ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് നിസാമുദ്ദീന്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, ജനറല്‍ സെക്രട്ടറി റിയാസ് ഫരംഗിപ്പേട്ട, ട്രഷററും യുപി സംസ്ഥാന ചുമതലക്കാരനുമായ അബ്ദുല്‍ സത്താര്‍, ദേശീയ സെക്രട്ടറിയേറ്റ് അംഗം എന്‍ കെ റഷീദ് ഉമരി തുടങ്ങിയ ദേശീയ നേതാക്കള്‍ സംസാരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
SDPI to contest in UP election


