21
Jun 2026
Sun
21 Jun 2026 Sun
association of malayalam movie artists issue

താരസംഘടനയായ ‘അമ്മ’യിലെ പൊട്ടിത്തെറി ഒടുവില്‍ കൂട്ടരാജിയിലെത്തി. ഭരണസമിതിയിലെ 17 പേരും രാജിവച്ചു. സംഘടനയിലെ തുടര്‍ച്ചയായ തര്‍ക്കങ്ങള്‍ക്കു പിന്നാലെയാണ് പ്രസിഡന്റായ ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചത്. ഭരണപരമായ തര്‍ക്കങ്ങളുടെയും വരവുചിലവു കണക്കുകളിലെ തിരിമറികളുടെയും സംഘടനയിലുണ്ടായ തര്‍ക്കങ്ങളുടെയും പിന്നാലെയാണ് രാജി. ഞായറാഴ്ച േചര്‍ന്ന ജനറല്‍ ബോഡി യോഗത്തിനുശേഷമാണ് രാജിപ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

17 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. നിലവിലെ സാഹചര്യത്തില്‍ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നല്‍കാനാണ് സാധ്യത. നേതൃത്വത്തിനകത്തുണ്ടായ ആരോപണ പ്രത്യാരോപണങ്ങളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചത്.

‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വലിയ ബഹളവും നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രമുഖ താരങ്ങള്‍ തമ്മില്‍ യോഗത്തില്‍ നേര്‍ക്കുനേര്‍ വാഗ്വാദമുണ്ടായി. കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന മുതിര്‍ന്ന ഭാരവാഹികളുടെ പാനല്‍ റിപ്പോര്‍ട്ട് പാസാക്കുന്നതിനെ ശക്തമായി എതിര്‍ത്തതോടെ യോഗം കലുഷിതമായി.

ALSO READ: പിതാവിന്റെ പത്തുവര്‍ഷത്തെ ലൈംഗിക പീഡനം; ചാറ്റ്ജിപിടിയോട് സഹായം തേടി കൗമാരക്കാരി, പ്രതി പിടിയില്‍

കണക്കുകളില്‍ ഗുരുതരമായ പിഴവുകളുള്ള റിപ്പോര്‍ട്ട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരും നിലപാടെടുത്തു. ഇതോടെ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനാകാതെ ഭരണസമിതി പ്രതിസന്ധിയിലായി.

തര്‍ക്കം മുറുകിയതോടെ, വിഷയത്തില്‍ വിശദമായ പഠനം നടത്താന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പാസാക്കാതെ എങ്ങനെയാണ് നിലവിലെ ഭരണസമിതിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്ന ചോദ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെയാണ് ഭരണസമിതിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

AMMA administrative council

ഭരണസമിതിയും അംഗങ്ങളും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ അതിരുകടന്നതോടെ, യോഗത്തില്‍ നാടകീയമായ മറ്റൊരു രംഗത്തിന് കൂടി കൊച്ചി വേദിയായി. സംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്‍ പ്രസിഡന്റായ മോഹന്‍ലാല്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും കെ.ബി. ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ ആവശ്യപ്രകാരം മൈക്കിന് മുന്നിലെത്തിയ മോഹന്‍ലാല്‍ അതീവ വൈകാരികമായാണ് ജനറല്‍ ബോഡിയില്‍ സംസാരിച്ചത്. ‘അംഗങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ ഭിന്നതകള്‍ എന്തുതന്നെ ഉണ്ടായാലും, ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല.’ മോഹന്‍ലാല്‍ പറഞ്ഞു.

സംഘടനയുടെ ഐക്യം തകര്‍ക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചെങ്കിലും, കണക്കുകളിലെ സുതാര്യത ചോദ്യം ചെയ്ത് ഒരു വിഭാഗം താരങ്ങള്‍ രംഗത്തുവന്നത് ‘അമ്മ’യ്ക്കുള്ളിലെ ഭിന്നത പൂര്‍ണ്ണമായും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഇന്ന് രാവിലെ മോഹന്‍ലാലാണ് ജനറല്‍ ബോഡി യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ALSO WATCH

ഭരണസമിതിയുടെ രാജിയാവശ്യപ്പെട്ട് ഒരു വിഭാഗം താരങ്ങള്‍ കത്ത് നല്‍കിയതിന് പിന്നാലെ, ജനറല്‍ ബോഡിയിലും കണക്കുകളെ ചൊല്ലി പ്രമുഖര്‍ തിരിഞ്ഞതോടെ വരും ദിവസങ്ങളില്‍ സംഘടനയ്ക്കുള്ളില്‍ വലിയ രീതിയിലുള്ള അഴിച്ചുപണികള്‍ക്ക് സാധ്യതയുണ്ടെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകള്‍.

കടുത്ത ലൈംഗിക ചൂഷണ ആരോപണങ്ങളും മറ്റും ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് ഇതിന് മുമ്പ് അമ്മയില്‍ വലിയ പൊട്ടിത്തെറിയുണ്ടായതും ഭാരവാഹികള്‍ മുഴുവന്‍ രാജിവച്ചൊഴിഞ്ഞതും. തുടര്‍ന്നാണ് വനിതകള്‍ക്ക് പ്രാധാന്യമുള്ള ഭരണസമിതി വന്നത്. എന്നാല്‍, ഒരു വശത്ത് സമിതിയിലെ വനിതാ താരങ്ങള്‍ തമ്മിലുള്ള പടല പിണക്കങ്ങള്‍, പുകച്ച് ചാടിക്കാനുള്ള നീക്കങ്ങള്‍, നിയന്ത്രണം കൈക്കലാക്കാനുള്ള മുന്‍ ഭരണസമിതിയിലെ ചിലരുടെ കരുനീക്കങ്ങള്‍ ഒക്കെ കുടിയാണ് ഇപ്പോഴുള്ള പൊട്ടിത്തെറിയിലേക്ക് നയിച്ചത്.