29
Jun 2026
Sat
29 Jun 2026 Sat
Tamil Nadu Woman Dies After Fall From Hilltop Temple As Monkeys Surround Her

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ വളഞ്ഞതിനെത്തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ മലമുകളില്‍ നിന്നും താഴേക്ക് വീണ് 24-കാരിയായ നവവധു മരണപ്പെട്ടു. തൂത്തുക്കുടി സൗത്ത് തിട്ടങ്കുളം സ്വദേശിനി അനിതയാണ് മരിച്ചത്. ശനിയാഴ്ച കവിഴുമലൈയിലെ കലുഗശാലാമൂര്‍ത്തി ക്ഷേത്രത്തിലാണ് ദാരുണമായ സംഭവം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശത്ത് ജോലിയുള്ള സുരേഷും (29) അനിതയും കഴിഞ്ഞ മാസമാണ് വിവാഹിതരായത്. നാട്ടിലെത്തിയ സുരേഷിനൊപ്പം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ എത്തിയതായിരുന്നു അനിത. പ്രധാന ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം ഇരുവരും മലമുകളിലുള്ള ഉച്ചിപ്പിള്ളയാര്‍ കോവിലിലേക്ക് കയറി. അവിടെയുണ്ടായിരുന്ന കുരങ്ങുകള്‍ക്ക് ഇരുവരും പഴങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടയില്‍ കൂടുതല്‍ കുരങ്ങുകള്‍ കൂട്ടത്തോടെ വന്ന് അനിതയെ വളയുകയായിരുന്നു.

പെട്ടെന്ന് കുരങ്ങുകള്‍ ചുറ്റും കൂടിയപ്പോള്‍ പരിഭ്രാന്തയായ അനിതയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും മലമുകളില്‍ നിന്നും താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കണ്‍മുന്നില്‍ ഭാര്യ മരിച്ചുവീണത് കണ്ട് തകര്‍ന്നുപോയ ഭര്‍ത്താവ് സുരേഷിനെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുള്ളവര്‍ പാടുപെട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കവിഴുമലൈ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് മൃതദേഹം താഴെയെത്തിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tamil Nadu Woman Dies After Fall From Hilltop Temple As Monkeys Surround Her