എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളില്‍ യൂറി ടീലമാന്‍സ് നേടിയ പെനാല്‍റ്റി ഗോളിലൂടെ സെനഗലിനെ 3-2 ന് തകര്‍ത്ത് ബെല്‍ജിയം ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടി. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഹബീബ് ദിയാര, ഇസ്മായില സാര്‍ എന്നിവരിലൂടെ സെനഗല്‍ 2-0 ന് മുന്നിലായിരുന്നു. എന്നാല്‍ മൂന്ന് മിനിറ്റിനിടെ ടീലമാന്‍സും റൊമേലു ലുക്കാക്കുവും നേടിയ ഗോളുകള്‍ ബെല്‍ജിയത്തെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവന്നു. റൗണ്ട് ഓഫ് 16-ല്‍ യുഎസ്എ അല്ലെങ്കില്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന എന്നിവരില്‍ ആരെങ്കിലുമായിരിക്കും ബെല്‍ജിയത്തിന്റെ എതിരാളികള്‍.
|
സീറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍, എക്സ്ട്രാ ടൈമിന്റെ സ്റ്റോപ്പേജ് ടൈമില്‍ യൂറി ടീലമാന്‍സ് നേടിയ പെനാല്‍റ്റി ഗോളിലാണ് ബെല്‍ജിയം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിന്റെ നിശ്ചിത 30 മിനിറ്റ് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ടീലമാന്സിനെതിരായ ഫൗളിന് വീഡിയോ റിവ്യൂവിന് (VAR) ശേഷം റഫറി പെനാല്‍റ്റി അനുവദിച്ചത്.
മത്സരത്തിന്റെ 125-ാം മിനിറ്റില്‍ പിറന്ന ഈ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വൈകി നേടുന്ന ഗോള്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കി. കിക്ക് ലക്ഷ്യത്തിലെത്തിച്ചതിന് തൊട്ടുപിന്നാലെ റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ബെല്‍ജിയം പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
‘പെനാല്‍റ്റി തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പെനാല്‍റ്റി വിധിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ വ്യാഖ്യാനങ്ങളുണ്ടാകും. റഫറിയുടെ തീരുമാനത്തെ വിലയിരുത്താന്‍ ഞാന്‍ മുതിരുന്നില്ല,’ സെനഗല്‍ കോച്ച് പാപ്പെ തിയാവ് മത്സരശേഷം പറഞ്ഞു.
അവിശ്വസനീയ തിരിച്ചുവരവ്
86ാം മിനിറ്റ് വരെ 2 ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ബെല്‍ജിയം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. ഹബീബ് ദിയാരയിലൂടെയും ഇസ്മായില സാറിലൂടെയും സെനഗല്‍ 2-0 ന്റെ ലീഡ് നേടിയിരുന്നെങ്കിലും, 86-ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ റൊമേലു ലുക്കാക്കുവും 89-ാം മിനിറ്റില്‍ ടീലമാന്‍സും നേടിയ ഗോളുകള്‍ ബെല്‍ജിയത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ശേഷം ഒരു ടീം തിരിച്ചടിച്ച് വിജയം നേടുന്നത് കഴിഞ്ഞ 11 ലോകകപ്പുകളില്‍ ഇത് രണ്ടാം തവണ മാത്രമാണ്. 2018-ല്‍ ജപ്പാനെതിരെ 3-2 ന് വിജയിച്ചും ബെല്‍ജിയം ഇതേ നേട്ടം ആവര്‍ത്തിച്ചിരുന്നു.
റഷ്യയില്‍ നടന്ന 2018 ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയം ടീമിലെ പ്രധാന താരങ്ങള്‍ തന്നെയാണ് ഈ വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചത്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ സ്ട്രൈക്കര്‍ ലുക്കാക്കു ബെഞ്ചില്‍ നിന്നിറങ്ങി 86-ാം മിനിറ്റില്‍ ഗോള്‍ നേടി ടീമിന് ജീവന് നല്കിയപ്പോള്, ടീലമാന്‍സ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയായിരുന്നു.
ക്രൂരമായ തോല്‍വി
‘ഇതൊരു ക്രൂരമായ തോല്‍വിയാണ്, കാരണം ഞങ്ങള്‍ മികച്ച രീതിയിലാണ് കളിച്ചത്. 2-0 ന്റെ ലീഡും ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഒരു ഫുട്ബോള്‍ മത്സരം 85 മിനിറ്റ് മാത്രമല്ലല്ലോ. ബെല്‍ജിയം ശക്തമായി തിരിച്ചുവന്നു, അതിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. മുന്നോട്ട് കുതിക്കുന്ന ബെല്‍ജിയത്തിന് അഭിനന്ദനങ്ങള്‍,’ തിയാവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാല് ലോകകപ്പുകളില്‍ ഇത് മൂന്നാം തവണയാണ് ബെല്‍ജിയം പ്രീ-ക്വാര്‍ട്ടറില്‍ കടക്കുന്നത്. 2014-ല്‍ ക്വാര്‍ട്ടറിലും 2018-ല്‍ സെമിഫൈനലിലും എത്തിയ അവര്‍ക്ക് ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകേണ്ടി വന്നിരുന്നു. ബെല്‍ജിയം അടുത്ത തിങ്കളാഴ്ച സീറ്റിലില്‍ വെച്ച് അമേരിക്കയെയോ ബോസ്നിയയെയോ നേരിടും.
മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ഇസ്മായില സാര്‍ നേടിയ ലോകകപ്പിലെ തന്റെ നാലാം ഗോള്‍ സെനഗലിന് 2-0 ന്റെ ലീഡ് സമ്മാനിച്ചു. മൂസ്സ നിയാഖാത്തെ നല്കിയ ലോങ് ബോള്‍ മനോഹരമായി നെഞ്ചില്‍ നിയന്ത്രിച്ച് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയിസിനെ മറികടന്ന് സാര്‍ ഉതിര്‍ത്ത ഷോട്ട് ഈ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിരുന്നു.
മുട്ടിനേറ്റ പരിക്കുമൂലം ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്ഡിയില്ലാതെ ഇറങ്ങിയ സെനഗലിന് 25-ാം മിനിറ്റില്‍ ദിയാരയാണ് ആദ്യ ഗോള്‍ സമ്മാനിച്ചത്. തന്റെ നാലാം ലോകകപ്പ് കളിക്കുന്ന കോര്‍ട്ടോയിസിന്റെ മൂന്ന് നിര്‍ണായക സേവുകളാണ് സെനഗലിന്റെ ലീഡ് ഉയരുന്നത് തടഞ്ഞത്.
ഇത് രണ്ടാം തവണ
സെനഗലിന് ഈ വര്‍ഷം ഒരു വലിയ മത്സരത്തില്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പെനാല്‍റ്റി വിധി തിരിച്ചടിയാകുന്നത് ഇത് രണ്ടാം തവണയാണ്. ജനുവരി 18 ന് നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍, തങ്ങളുടെ ഗോള്‍ നിഷേധിക്കപ്പെടുകയും മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സെനഗല്‍ താരങ്ങള്‍ ഇന്‍ജുറി ടൈമില്‍ കളം വിട്ടിരുന്നു. കളിക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ കോച്ച് തിയാവ് ആണ് ടീമിനെ നയിച്ച് പുറത്തേക്ക് പോയത്. 10 മിനിറ്റിന് ശേഷം മടങ്ങിയെത്തി കളി പുനരാരംഭിച്ചപ്പോള്‍ മൊറോക്കന്‍ താരം ബ്രാഹിം ഡയസിന്റെ പെനാല്‍റ്റി മെന്‍ഡി തടുത്തിരുന്നു. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ പാപ്പെ ഗായെ നേടിയ ഗോളില്‍ സെനഗല്‍ വിജയിച്ചെങ്കിലും, മാര്‍ച്ച് മാസത്തില്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ ഭരണസമിതി ആ വിജയം റദ്ദാക്കുകയും മൊറോക്കോയ്ക്ക് 3-0 ന്റെ ഡിഫോള്‍ട്ട് വിജയം അനുവദിക്കുകയും ചെയ്തു.
ഇന്നത്തെ മത്സരത്തിന്റെ 32-ാം മിനിറ്റില്‍ മൂന്ന് കാണികള്‍ സുരക്ഷാവേലി ഭേദിച്ച് മൈതാനത്തേക്ക് ഓടിക്കയറിയത് കളി തടസ്സപ്പെടുത്തി. ഏകദേശം പന്ത്രണ്ടോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ മൈതാനത്ത് നിന്ന് മാറ്റിയത്. ഈ സമയത്ത് ബെല്‍ജിയം ഡിഫെന്‍ഡര്‍ മാക്സിം ഡി കുയ്പ്പര്‍ പന്ത് കൈവശം വെച്ച് ശാന്തത പാലിച്ചു. 25-ാം മിനിറ്റില്‍ ഹബീബ് ദിയാര നേടിയ ഗോളില്‍ സെനഗല്‍ 1-0 ന് മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. ഇറാഖിനെ 5-0 ന് തകര്‍ത്ത മത്സരത്തിലും ദിയാര ഗോള്‍ നേടിയിരുന്നു.
ഫ്രാന്‍സും എര്‍ലിങ് ഹാലന്‍ഡിന്റെ നോര്വേയുമടങ്ങുന്ന കടുത്ത ഗ്രൂപ്പില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായാണ് സെനഗല്‍ നോക്കൗട്ടില്‍ എത്തിയത്. അഞ്ച് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബെല്‍ജിയം റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയത്.
Belgium pull off stunning comeback to eliminate Senegal




