02
Jul 2026
Thu
02 Jul 2026 Thu
myanmar cyber crime

നാസിക്: അന്താരാഷ്ട്ര സൈബർ മാഫിയാ സംഘങ്ങൾ മ്യാൻമറിൽ തടവിലാക്കിയ 25 മഹാരാഷ്ട്ര സ്വദേശികളിൽ ഒരാൾ നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട് അവിടെ നടക്കുന്ന ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു. നാസിക് സ്വദേശിയായ കൗസ്തുഭ് ഷെജ്‌വാൾ (30) എന്ന യുവാവാണ് തങ്ങൾ അനുഭവിക്കുന്ന നരകയാതനകൾ ഫോണിലൂടെ വീട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ മ്യാൻമറിൽ തടവിലായ ഇയാളെയും മറ്റ് സ്വദേശികളെയും മോചിപ്പിക്കാൻ കുടുംബം അധികൃതരുടെ വാതിലുകൾ മുട്ടുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ് ടു വിദ്യാഭ്യാസമുള്ള കൗസ്തുഭ്, ബാങ്കോക്കിലെ ഒരു കോൾ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത സുഹൃത്തിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഏപ്രിൽ 25-ന് നാട്ടിൽ നിന്ന് തിരിച്ചത്. പ്രതിമാസം 70,000 രൂപ ശമ്പളം ലഭിക്കുമെന്ന വ്യാമോഹത്തിലാണ് യുവാവ് പോയതെങ്കിലും, ബാങ്കോക്കിന് പകരം ചില അജ്ഞാതർ ഇയാളെ മ്യാൻമറിലേക്ക് കടത്തി തടവിലാക്കുകയായിരുന്നു.

“ദിവസവും 18 മണിക്കൂറോളമാണ് ഞങ്ങളെക്കൊണ്ട് നിർബന്ധിത ജോലി ചെയ്യിപ്പിക്കുന്നത്. എലികളും പാറ്റകളും പോലും തിന്നാത്ത അത്രയും മോശം ഭക്ഷണമാണ് നൽകുന്നത്,” കൗസ്തുഭ് വീട്ടുകാരോട് പറഞ്ഞു. ജോലി ചെയ്യാൻ വിസമ്മതിക്കുന്നവരെ മുറിയിൽ കെട്ടിയിട്ട് വൈദ്യുതാഘാതം (Electric Shock) ഏൽപ്പിക്കും. അവിടെ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളും കടുത്ത പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് യുവാവ് വെളിപ്പെടുത്തി. മഹാരാഷ്ട്രയിൽ നിന്നുള്ള 25 ഓളം പേർ (ഇതിൽ എട്ട് പേർ നാസിക് സ്വദേശികളാണ്) ഈ തടങ്കൽ പാളയത്തിലുണ്ടെന്നാണ് കുടുംബം പറയുന്നത്.

പ്രാദേശിക ബിജെപി നേതാക്കളുടെ സഹായത്തോടെ കുടുംബം സംസ്ഥാന ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജനെ കണ്ട് വിഷയം ധരിപ്പിച്ചു. മന്ത്രി ഈ വിവരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്ന യുവാക്കളുമായി മന്ത്രി സംസാരിച്ച് ആത്മവിശ്വാസം നൽകിയതായും വിവരമുണ്ട്.

മഹാരാഷ്ട്രയിൽ നിന്നുള്ള 25 പേർക്ക് പുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാന്നൂറിലധികം യുവാക്കൾ ഇത്തരത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വ്യാജ ജോലി വാഗ്ദാനങ്ങൾ; കെണിയൊരുക്കി സൈബർ മാഫിയ

കഴിഞ്ഞ കുറച്ചുമാസങ്ങളായി കംബോഡിയ, മ്യാൻമർ, ലാവോസ് തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത ക്രിമിനൽ സംഘങ്ങൾ സോഷ്യൽ മീഡിയ വഴി ഇന്ത്യൻ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ ജോലി വാഗ്ദാനങ്ങൾ നൽകിവരികയാണ്. ഐടി, ഡാറ്റാ എൻട്രി, ഡിജിറ്റൽ മാർക്കറ്റിംഗ്, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ ആകർഷിക്കുന്നത്.

വിദേശത്ത് എത്തിച്ച ശേഷം ഇവരെ സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ എന്നിവ ചെയ്യാൻ നിർബന്ധിക്കുകയുമാണ് ചെയ്യുന്നത്. അവിടെയെത്തുന്ന ഉടൻ ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കും. നിശ്ചയിച്ച ടാർഗെറ്റുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്രൂരമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.

ഈ വർഷം ജനുവരിയിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള 120-ലധികം പേരെ മ്യാൻമറിലെ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി 79 പേരെയും നാട്ടിലെത്തിച്ചിരുന്നു.

25 Indians forced into cybercrime in Myanmar