03
Jul 2026
Fri
03 Jul 2026 Fri
ram temple theft

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച പണം എണ്ണുന്നതിനിടെ, പ്രതികള്‍ നോട്ടുകെട്ടുകള്‍ മോഷ്ടിച്ച് ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ കേസില്‍ അറസ്റ്റിലായ എട്ട് പേരില്‍ അഞ്ച് പേര്‍ പണം മാറ്റുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററില്‍ നിന്നുള്ള 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് അയോധ്യ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പണം എണ്ണാന്‍ നിയോഗിക്കപ്പെട്ട അഞ്ച് ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ എടുത്ത് വസ്ത്രങ്ങള്‍ക്കുള്ളിലും സോക്‌സുകളിലും ഒളിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ നടത്തിയ റെയ്ഡുകളില്‍ ഏകദേശം 80 ലക്ഷം രൂപ കണ്ടുകെട്ടിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പരിശോധിച്ചുവരികയാണെന്നും, മോഷ്ടിച്ച പണം ഉപയോഗിച്ച് എന്തെങ്കിലും സ്വത്തുക്കള്‍ വാങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എസ്.ബി.ഐ ശുപാര്‍ശ ചെയ്ത ജീവനക്കാര്‍

പണം എണ്ണുന്നതിനായി ആറ് പ്രതികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് വാരണാസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സൈനിക് സെക്യൂരിറ്റീസ്’ എന്ന മാന്‍പവര്‍ ഏജന്‍സി വഴിയായിരുന്നു. എന്നാല്‍, ഈ ജീവനക്കാരെ തങ്ങള്‍ നേരിട്ട് കണ്ടെത്തിയതല്ലെന്നും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) നിര്‍ദ്ദേശിച്ച ആളുകളെയാണ് തങ്ങള്‍ നിയമിച്ചതെന്നും ഏജന്‍സി ഡയറക്ടര്‍ ഗൗരവ് സിംഗ് വെളിപ്പെടുത്തി.

‘എസ്.ബി.ഐ ആണ് ഞങ്ങള്‍ക്ക് ഇവരുടെ പേരുകള്‍ നല്‍കിയത്. ഞങ്ങള്‍ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പേപ്പര്‍വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തത്. ഇവര്‍ മുന്‍പ് ഞങ്ങളോടൊപ്പം ജോലി ചെയ്തിട്ടില്ല,’ ഗൗരവ് സിംഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

സുരക്ഷാ വീഴ്ചയും ബന്ധുത്വ നിയമനങ്ങളും

ക്ഷേത്രത്തിലെ പണം എണ്ണുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷാ വീഴ്ചകളും സുതാര്യതക്കുറവും ഉണ്ടായിരുന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ സുരക്ഷാ പരിശോധനകളോ ശരീരപരിശോധനയോ പണം എണ്ണുന്ന കേന്ദ്രത്തില്‍ ഉണ്ടായിരുന്നില്ല.

അറസ്റ്റിലായവരില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ മുന്‍ ഡ്രൈവര്‍ തിന്നു യാദവ്, അദ്ദേഹത്തിന്റെ അനന്തരവന്‍ മനീഷ് യാദവ് എന്നിവരും ഉള്‍പ്പെടുന്നു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ, സ്വാധീനങ്ങളുടെ പുറത്താണ് പലരെയും ഇവിടെ താല്‍ക്കാലികമായി നിയമിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാങ്ക് ഉദ്യോഗസ്ഥരും നിലവില്‍ അന്വേഷണ പരിധിയിലാണ്. ക്ഷേത്രത്തില്‍ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമേ സൂക്ഷിക്കാറുള്ളൂ എന്നതിനാല്‍ തട്ടിപ്പ് എത്ര നാളായി നടക്കുന്നു എന്ന് കൃത്യമായി കണ്ടെത്താന്‍ പോലീസിന് പ്രയാസപ്പെടുകയാണ്.

Ram Temple ‘theft’ row: Footage shows 5 key accused removing, hiding cash bundles