10
Jul 2026
Fri
10 Jul 2026 Fri
thiruvallam bike accident

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കാര്‍ ഇടിച്ചാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടതെന്ന് പോലീസ് കണ്ടെത്തി. കാര്‍ ഡ്രൈവര്‍ വിഷ്ണു പൊലീസ് കസ്റ്റഡിയില്‍ .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ തിരുവനന്തപുരം തിരുവല്ലത്ത് ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശി നവീന്‍ സിബി (25 ), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. ഐ.ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മൃദുല അപകട സ്ഥലത്തും, നവീന്‍ ആശുപത്രിയില്‍ എത്തിച്ച സമയത്തുമാണ് മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാല്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ പതിഞ്ഞ കാറിന്റെ പെയിന്റും മറ്റു അസ്വാഭാവികതകളുമാണ് വഴിത്തിരിവായത്.

നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറിയ ഇരുചക്ര വാഹനത്തില്‍ എങ്ങനെ പെയിന്റ് പതിഞ്ഞു എന്നായി അന്വേഷണം. അങ്ങനെയെങ്കില്‍ അപകടത്തിന് മറ്റൊരു വാഹനവും കാരണമായില്ലേ? ഈ സംശയമാണ് തിരുവല്ലം പൊലീസിന് കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത് .

ALSO READ: ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഫ്രഞ്ച് നായകന് പരിക്ക് വില്ലനാകുമോ?

അപകടത്തിന് മുന്‍പും തുടര്‍ന്നും തിരുവല്ലം ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിന്നിലായി സഞ്ചരിച്ചിരുന്ന കാറും വ്യക്തമായി. അപകടത്തിനിടയാക്കിയ കാര്‍ തിരിച്ചറിഞ്ഞു. നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ മലയിന്‍കീഴ് സ്വദേശി വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നതെന്ന് തെളിഞ്ഞു. പിന്നാലെയാണ് തിരുവല്ലം പൊലീസ് മാറനല്ലൂരിലെ വീട്ടില്‍ നിന്നും വിഷ്ണുവിനൊപ്പം വാഹനവും കസ്റ്റഡിയിലെടുത്തത്

ഭയത്തെ തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയി

തിരുവനന്തപുരത്ത് ബന്ധുവിനൊപ്പം ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു വിഷ്ണു. തന്റെ കാറില്‍ തട്ടി ബൈക്ക് അപകടം സംഭവിച്ചെന്ന് മനസിലായതിന് പിന്നാലെ വിഷ്ണു കാര്‍ മുന്നോട്ട് നിര്‍ത്തി. ആളുകളുടെ ബഹളവും പരിക്കേറ്റവരുടെ ഗുരുതര സ്ഥിതിയും വ്യക്തമായതോടെ പരിഭ്രാന്തിയില്‍ കാര്‍ ഓടിച്ച് നീങ്ങുകയായിരുന്നുവെന്ന് വിഷ്ണു പറയുന്നു.

അപകടത്തില്‍ പരുക്കേറ്റ രണ്ടുപേരെയും അതിവേഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നവീന്‍ ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. നവീന്റെ ജന്‍മദിനമായിരുന്നു ഇന്നലെ.

തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. ഇരുവരുടെയും തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എറണാകുളം മുളവൂര്‍ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പില്‍ വലിയവീട്ടില്‍ പറമ്പില്‍ സിബി ജോസഫിന്റെയും ശാലിനിയുടെയും മകനാണ് നവീന്‍. സഹോദരി: നവ്യ സിബി.ഇടുക്കി തൊടുപുഴ കരിങ്കുന്നം മ്രാല അരികുപുറത്ത് ഉമ്മന്‍ വര്‍ഗീസിന്റെയും സജി ഉമ്മന്റെയും മകളാണ് മൃദുല ആന്‍ ഉമ്മന്‍. സഹോദരങ്ങള്‍: മഹിമ മറിയാന്‍ ഉമ്മന്‍, മേഘ സൂസന്‍ ഉമ്മന്‍.

Trivandrum thiruvallam bike accident twist